
കൊച്ചി: കളമശേരരി ബസ് കത്തിക്കൽ കേസിൽ രണ്ട് പ്രതികൾക്ക് ഏഴ് വർഷവും ഒരാൾക്ക് ആറ് വർഷം തടവും വിധിച്ച് കൊച്ചി എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ ബുഹാരി എന്നിവർക്കാണ് ഏഴ് വർഷം തടവിന് വിധിച്ചത്. താജുദ്ദീൻ ആറ് വർഷം തടവ് അനുഭവിക്കണം. റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആകെ 11 പേരാണ് പ്രതികൾ. കേസിന്റെ വിചാരണ ഇതു വരെ പൂർത്തിയാക്കിയിട്ടില്ല. തങ്ങൾ കുറ്റം ചെയ്‌തതായി വിചാരണ പൂർത്തിയാകും മുൻപ് തന്നെ മൂന്നു പ്രതികളും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മഅ്‌ദനി ജയിലിലായിരുന്നപ്പോൾ തമിഴ്‌നാട് സർക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയിൽ വച്ച് തമിഴ്‌നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനി ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.