
തിരുവില്വാമല: ബലിതർപ്പണത്തിനും സംസ്കാരച്ചടങ്ങുകൾക്കും അതിരാവിലെ തന്നെ തിരുവില്വാമല ഉണരും. നിളാതീരവും ഐവർമഠവും ശ്രീകൃഷ്ണ ക്ഷേത്രവും തേടിയെത്തുന്നവർക്ക് വഴിതടസമായി റോഡുകളിൽ എപ്പോഴുമുണ്ടാകും കാളകളും കറവപ്പശുക്കളും. ഡ്രൈവറുടെ ശ്രദ്ധയൊന്ന് മാറിയാൽ, ഹെഡ് ലൈറ്റിന് വെളിച്ചമൊന്ന് കുറഞ്ഞാൽ അപകടം പിണയും.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടയിരുത്തിയവയാണ് കന്നുകാലികളെന്ന് ധരിച്ചാണ് പലരും ഇവയെ സ്വൈര്യവിഹാരത്തിന് അനുവദിച്ചിരുന്നത്. എന്നാൽ വില്വാദ്രിനാഥ ക്ഷേത്രത്തിൽ കന്നുകാലികളെ നടയിരുത്തുന്ന പതിവില്ലെന്ന് അധികൃതർ തന്നെ പറയുന്നു. അലഞ്ഞുതിരിയുന്ന കാലികളിൽ മിക്കതിനും ഉടമസ്ഥരുണ്ട്. പുലർച്ചെ വീട്ടിലേക്ക് കൊണ്ടുപോയി പാൽ കറന്നെടുക്കാറുമുണ്ട്. പിന്നീട് അഴിച്ചുവിടുകയാണ്.
അലഞ്ഞുതിരിയുന്ന കാലികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവർ പോലുമുണ്ട്. രാത്രിയിൽ റോഡിന് കുറുകെ കിടക്കുന്ന കാലികളെ കാണാതെ വാഹനം ഇടിച്ചുമറിഞ്ഞവരും നിരവധിയാണ്. പരാതികളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. കാലികളെ പിടിച്ചുകെട്ടാൻ പഞ്ചായത്ത് അധികൃതർ നൽകിയ അന്ത്യശാസനാ തീയതി ജൂലായ് 25ന് കഴിഞ്ഞു. തൊഴുത്തില്ലെന്ന വാദമാണ് ഉടമകൾ ഉയർത്തുന്നതത്രെ.
തൊഴുത്തില്ല സാറേ, പിന്നെന്തു ചെയ്യും?
'തൊഴുത്തില്ലാഞ്ഞിട്ടാ സാറേ... പശുക്കളെ കെട്ടിയിടാത്തത്.' കാലികളെ കെട്ടിയിട്ട് വളർത്തണമെന്ന പഞ്ചായത്തിന്റെ ശാസനത്തിന് കിട്ടിയ മറുപടികളിൽ കൂടുതലും ഇങ്ങനെ. തിരുവില്വാമല പഞ്ചായത്തിലെ എല്ലാ പൊതുയിടങ്ങളിലും അലഞ്ഞുതിരിയുന്ന കാലികളുണ്ട്. ഇവയെ ലേലം ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഉടമസ്ഥരില്ലാത്ത കാലികളെ കശാപ്പുശാലകളിലേക്ക് ലേലം ചെയ്യരുതെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പകരം, സംരക്ഷിക്കാൻ കഴിയുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ നൽകണമെന്നാണ് ആവശ്യം.