
മുംബയ്: വധഭീഷണി നേരിടുന്ന സാഹചര്യത്തിൽ നടൻ സൽമാൻ ഖാന് ആയുധം കൈവശം വയ്ക്കാനുള്ള ലൈസൻസ് അനുവദിച്ചതായി മുംബയ് പൊലീസ്. പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം നടനും പിതാവിനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. മേയ് 29നായിരുന്നു ഗായകൻ കൊല്ലപ്പെട്ടത്.
സ്വയരക്ഷയ്ക്കായും കുടുംബത്തിന്റെ സംരക്ഷണത്തിനായും തോക്ക് ലൈസൻസ് വേണമെന്ന ആവശ്യവുമായി സൽമാൻ ഖാൻ കഴിഞ്ഞ മാസം അവസാനത്തോടെ മുംബയ് പൊലീസ് മേധാവിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ആവശ്യമായ അന്വേഷണം ആരംഭിച്ചതായി ലൈസൻസ് നൽകുന്ന അധികൃതർ പറയുന്നു. ശാരീരിക പരിശോധനയ്ക്കും താരം ഹാജരായി. ഭീഷണികൾക്ക് പിന്നാലെ സൽമാൻ ഖാൻ യാത്ര ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂസറിലാക്കിയിരുന്നു.
1998ലെ കൃഷ്ണമൃഗ വേട്ടയാടൽ കേസുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയി എന്ന ഗുണ്ടാനേതാവാണ് സൽമാൻ ഖാന് വധഭീഷണി മുഴക്കിയത്. കേസിൽ താരം പ്രതിയായിരുന്നു. സൽമാൻ ഖാനും പിതാവിനും മൂസെവാലയുടെ വിധി ഉണ്ടാകുമെന്നായിരുന്നു സൽമാൻ ഖാന്റെ പിതാവായ സലീം ഖാന് ലഭിച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.
2018ൽ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലും സൽമാൻ വധഭീഷണി നേരിട്ടിരുന്നു. ബിഷ്ണോയിയുടെ സമുദായത്തിൽ കൃഷ്ണമൃഗത്തെ ആരാധിക്കുന്നു. ഇക്കാരണത്താലാണ് താരത്തിന് ഗുണ്ടാനേതാവിൽ നിന്ന് വധഭീഷണി നേരിട്ടത്.