coffee-facial

ഏത് പ്രായക്കാരായാലും ചർമസംരക്ഷണം എന്നത് അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ചർമവും മുടിയും ഭംഗിയാക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. തിരക്കിട്ട ജീവിതവും സമയമില്ലായ്മയും കാരണം പലരും ബ്യൂട്ടിപാർലറുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്. പലപ്പോഴും അതിനായി ആയിരങ്ങൾ ചെലവാക്കേണ്ടതായും വരുന്നു. എന്നാൽ ഇനി കൈയിലെ കാശ് ചെലവാക്കാതെ ഫംഗ്‌ഷന് തിളങ്ങാം വെറും ഒരു മണിക്കൂറിൽ. അഞ്ച് രൂപയുടെ കാപ്പിപ്പൊടി കൊണ്ട് ആയിരങ്ങൾ വിലവരുന്ന ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട സാധനങ്ങൾ

കാപ്പിപ്പൊടി, പഞ്ചസാര, സ്വീറ്റ് ആൽമണ്ട് ഓയിൽ, കറ്റാർവാഴ ജെൽ

കാപ്പിപ്പൊടി

കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. കാപ്പിക്ക് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാനുള്ള കഴിവുണ്ട്. ഇതിനാല്‍ കാപ്പിപ്പൊടിയെ നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കുന്നു. ചര്‍മത്തിലെ അധിക എണ്ണമയം നീക്കി ചര്‍മ സുഷിരങ്ങള്‍ അടഞ്ഞ് മുഖക്കുരു, ബ്ലാക് ഹെഡ്‌സ് പോലുളള പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും കാപ്പി നല്ലതാണ്. പഞ്ചസാരയും നല്ലൊരു സ്‌ക്രബാണ്.

ബദാം ഓയില്‍

ചര്‍മത്തിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ബദാം എണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാൻ സഹായിക്കും. അതേസമയം, എണ്ണയിൽ അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ മുഖക്കുരുവിന്റെ പ്രശ്നം കുറയ്ക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കി നല്ല കോശങ്ങളുടെ ഉൽപ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ബദാം എണ്ണയിലെ പോഷകങ്ങളിലൊന്നായ വിറ്റാമിൻ ഇ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് മൂലമുണ്ടാകുന്ന ചർമ്മത്തിന്റെ കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.

തൈര്

ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും മികച്ചതാണ് തൈര്. ഇത് ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റി ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു. ലാക്ടിക് ആസിഡ് അടങ്ങിയ തൈര് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും. ചർമ്മത്തിലെ കരുവാളിപ്പ്, മങ്ങൽ, നിറവ്യത്യാസം എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

കറ്റാർവാഴ

കറ്റാർ വാഴ ആരോഗ്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തെ തിളക്കമുളളതും മൃദുവുമാക്കാൻ സഹായിക്കുന്നു.

ഫേഷ്യൽ

രണ്ട് സ്റ്റെപ്പായി വേണം ഫേഷ്യൽ ചെയ്യാൻ. ആദ്യം മുഖത്ത് സ്ക്രബ് ചെയ്യാനാവശ്യമായ കാപ്പിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് അൽപ്പം പ‌ഞ്ചസാരയും കുറച്ച് സ്വീറ്റ് ആൽമണ്ട് ഓയിലും അൽപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് മാറ്റി വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപ്പനേരം മുഖം മൂടി വയ്ക്കണം. അഞ്ച് മിനിട്ട് കഴിഞ്ഞ് നേരത്തേ തയാറാക്കിയ പായ്ക്ക് മുഖത്ത് പുരട്ടി മൃദുവായി സ്ക്രബ് ചെയ്യാം. ഒരുപാട് അമർത്തി സ്ക്രബ് ചെയ്യാൻ പാടില്ല. മൂന്ന് മിനിട്ട് സ്‌ക്രബ് ചെയ്ത ശേഷം മുഖം വൃത്തിയായി കഴുകുക. പിന്നീട് കുറച്ച് കാപ്പിപ്പൊടിയും തൈരും ചേർത്ത് പായ്ക്ക് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖം നന്നായി തുടച്ച് കറ്റാർവാഴ ജെൽ പുരട്ടാം. മുഖത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും ഈ ഫേഷ്യൽ സഹായിക്കുന്നു.