
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്.
അതിനിടെ, സംസ്ഥാനത്ത് പലയിടങ്ങളിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. കാലവർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി അഞ്ചുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണാണ് പിതാവും രണ്ടു മക്കളും മരിച്ചത്. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വ്യാപകമാണ്. കോട്ടയത്ത് ഉരുൾ പൊട്ടിയ ഇരിമാപ്രയിൽ ഗതാഗതം പൂർണമായി തടസപ്പെട്ട അവസ്ഥയിലാണ്. വൈദ്യുതി പോസ്റ്റുകൾ തകർന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.ആലുവയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.

തലസ്ഥാനത്ത് വെള്ളറടയിൽ മതിലിടിഞ്ഞ് കാർ തകർന്നു.കല്ലാർ - പൊൻമുടി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പെന്മുടിയിയിലും കല്ലാറിലും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടുകൾ തുറന്നു. മറ്റ് അണക്കെട്ടുകളും നിറയുകയാണ്. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്..
മദ്ധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. വ്യാഴാഴ്ച കഴിയുന്നതോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്.