
ലണ്ടൻ: എല്ലാം ഒരു നിമിത്തമാണ്. അപ്രതീക്ഷിതമായിട്ടായിരിക്കും പലതും സഭവിക്കുക. ഗബ്രിയേല ലാൻഡോൾഫിയും വെയിറ്ററായ ജോണും തമ്മിലുളള പ്രണയവും അങ്ങനെ സംഭവിച്ചതാണ്. വിവാഹമോചന പാർട്ടി ആഘാേഷമാക്കാൻ ഹോട്ടലിലെത്തിയ ഗബ്രിയേല ജോണിനെ കണ്ടുമുട്ടുകയും പ്രണയബന്ധത്തിലൊടുവിൽ വിവാഹം കഴിക്കുകയുമായിരുന്നു. സിനിമാ കഥയെ തോൽപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ഇവരുടെ പ്രണയവും വിവാഹവും.
ഒരുമിച്ച് പോകാൻ ഒട്ടും കഴിയാത്ത അവസ്ഥ വന്നതോടെയാണ് ആദ്യ ഭർത്താവിനെ പിരിയാൻ ഗബ്രിയേല തീരുമാനിച്ചത്. ഇത് നാലാളറിയണമെന്നും അവർ ഉറപ്പിച്ചു. അതിനുവേണ്ടി അടുത്ത സുഹൃത്തുക്കൾ ഉൾപ്പടെയുള്ള ചിലരെ പാർട്ടിക്കായി വിളിച്ചുവരുത്തി. അടുത്തുള്ള റെസ്റ്റോറന്റിലാണ് പാർട്ടി ഏർപ്പെടുത്തിയിരുന്നത്. അതിഥികൾക്കുവേണ്ട എല്ലാകാര്യങ്ങളും നോക്കിനടത്താനായി നിയോഗിച്ചത് ജോണിനെയായിരുന്നു. അർദ്ധ നഗ്നനായ മോഡൽ എന്നനിലയിൽ പേരെടുത്ത വ്യക്തിയാണ് ജോൺ. പാർട്ടിക്ക് അയാൾ മതിയെന്ന് പറഞ്ഞതിന് കാരണവും അതായിരുന്നു. പാർട്ടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോഴായിരുന്നു ജോണിന്റെ മെസേജ് ഗബ്രിയേലയെ തേടിയെത്തിയത്. ഈ രാത്രി സുഖമുള്ളതാണെന്ന് കരുതുന്നു എന്നായിരുന്നു മെസേജ്. എല്ലാവരോടും കരുതൽ ഉള്ള വ്യക്തിയാണ് ജോൺ എന്ന് ആ ഒറ്റ മെസേജിൽ നിന്നുതന്നെ വ്യക്തമായെന്നാണ് ഗബ്രിയേല പറയുന്നത്. അങ്ങനെ ആ ബന്ധം തുടങ്ങി. പടർന്ന് പന്തലിച്ചു. ഒടുവിൽ വിവാഹത്തിലും എത്തി.
സ്നേഹിക്കാൻ കൊള്ളാവുന്ന വ്യക്തിയാണ് ജോണെന്നാണ് ഗബ്രിയേല പറയുന്നത്. ആഴത്തിൽ മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അവർ വ്യക്തമാക്കി. ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ഉള്ളടക്കത്തെക്കുറിച്ച് വിലയിരുത്തരുതെന്നാണ് ഗ്രബിയേല പറയുന്നത്.ജോണിന്റെ ആദ്യബന്ധത്തിലെ മകൻ ഇവർക്കൊപ്പമാണ്. സ്വന്തം കുഞ്ഞിനെ എന്നവണ്ണമാണ് ഗബ്രിയേല ആ കുഞ്ഞിനെയും നോക്കുന്നത്. ആദ്യ ഗർഭം അലസിപ്പോയെങ്കിലും അധികം വൈകാതെ തന്നെ സ്വന്തമായി ഒരു കുഞ്ഞിക്കാൽ കാണുമെന്നാണ് അവർ പറയുന്നത്.