dj

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് സ്ത്രീകൾ പുതിയ തൊഴിലിടത്തിന് പിന്നാലെയാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പുവരെ ചിന്തിക്കാൻ പറ്റാതിരുന്ന തൊഴിലിടമായ ഡിജെയിംഗ് (ഡിസ്‌ക് ജോക്കി) ആണ് ഇന്ന് അവിടുത്തെ സ്ത്രീകളുടെ സ്വപ്‌ന ജോലി. ദുബായ് എക്‌സ്‌പോയിലടക്കം മിന്നിയ വനിതകളിൽ പലരും സൗദിയിൽ നിന്നുള്ളവരാണ്.

നിരവധി പെൺകുട്ടികളാണ് ഡിജെ ജോലിക്കായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്. സൗദി കിരീടവാകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണ തന്നെയാണ് ഇത്തരം വ്യത്യസ്‌തമായ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അവസരമൊരുങ്ങുന്നതിന് കാരണമായത്.

പ്രൊഫഷണലായി ഡിജെ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ കുടുംബത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് റിയാദിൽ ഡിജെ ആയ ലുജെയിൻ അൽബിഷി പറയുന്നു. 'ബേർഡ് പേഴ്‌സൺ' എന്ന പേരിലുള്ള ലുജെയിനിന്റെ പരിപാടി സൗദിയിൽ ഏറെ ഹിറ്റാണ്. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ബീസ്‌റ്റ് സൗണ്ട് സ്‌റ്റോം ഫെസ്‌റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും വലിയ ബ്രേക്കായി മാറിയതെന്ന് ഈ 26കാരി പറയുന്നു.