
രോഗത്തിനും രോഗപ്രതിരോധത്തിനുമുള്ള പ്രതിവിധിയാണ് കർക്കടകചികിത്സ. മങ്കി പോക്സ്, കൊവിഡിന്റെ പുതിയ വകഭേദങ്ങൾ, വൈറൽ പനി എന്നിങ്ങനെ ഓരോ ദിവസവും പുതിയ പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടുന്ന ഇക്കാലത്ത് ആരോഗ്യത്തോടെ ജീവിക്കുന്നതു തന്നെ വെല്ലുവിളിയാണ്. പായലും ചെളിയും നിറഞ്ഞ മതിൽ പെയിന്റ് ചെയ്യുന്നതിനു മുമ്പ് കഴുകി വൃത്തിയാക്കുന്നതു പോലെ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ചുവടുവയ്പ്പാണ് കർക്കടക ചികിത്സ.
ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലിയിലും മാറ്റം വരുത്തണമെന്ന് ആയുർവേദം അനുശാസിക്കുന്നു. ഉഷ്ണവും പുകച്ചിലും വിയർപ്പുമായി ശരീരം ആകെ ദുഷിക്കുന്ന വേനൽക്കാലത്തിനു ശേഷമാണ് മഴക്കാലത്തിന്റെ വരവ്. ഈ സമയത്ത് പൊതുവെ ദഹനശക്തി കുറയും. വാത സംബന്ധമായ രോഗങ്ങൾ മൂർച്ഛിക്കും. തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി-സന്ധി രോഗങ്ങൾ എന്നിവ കഠിനമാകാൻ സാദ്ധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് അതിനനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്. രോഗികൾക്കും രോഗമില്ലാത്തവർക്കും ചികിത്സ തേടാം. ഒരു വർഷം പഞ്ചകർമ്മ ചികിത്സ നടത്തിയതു കൊണ്ട് അടുത്ത കർക്കടകത്തിലും ചികിത്സ നടത്തണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നാൽ എന്തെങ്കിലും അസുഖമുള്ളവരാണെങ്കിൽ രോഗശമനമാകുന്നതു വരെ കർക്കടക ചികിത്സ തുടരുന്നതാണ് ഉത്തമം.
അമൃത് പോലൊരു ചികിത്സ
കർക്കടകത്തിൽ ആയുർവേദ ചികിത്സ ചെയ്യുക എന്നത് പ്രാചീനകാലം മുതലുള്ള പതിവാണ്. അടുത്ത ഒരു വർഷത്തേക്കുള്ള ആരോഗ്യപരിപാലനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആരോഗ്യ സംരക്ഷണം മുൻ നിർത്തിയും നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ എന്ന നിലയിലും ആയുർവേദ ചികിത്സ ചെയ്യുന്നവരുണ്ട്. 18 മുതൽ ഏതു പ്രായം വരെയുള്ളവർക്കും ചികിത്സ തേടാം. എന്നാൽ ഹൃദോഗം ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുള്ളവർ ഇത്തരം ചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് വർദ്ധിക്കുന്ന രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. കഴുത്തുവേദന, മുട്ടുവേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, വാത സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കർക്കടക ചികിത്സയിലൂടെ ആശ്വാസം ലഭിക്കും. കാലാവസ്ഥയും ശരീരബലവും രോഗങ്ങളും തമ്മിൽ ബന്ധമുണ്ട്. മഴക്കാലത്തെ പൊതുവേ രോഗ പ്രതിരോധ ശേഷി കുറയുന്ന കാലമായിട്ടാണ് ആയുർവേദത്തിൽ കാണുന്നത്. അണുബാധകൾക്ക് അനുകൂലമായ ഒരന്തരീക്ഷം ഈ സമയത്ത് ശരീരത്തിൽ സജ്ജമാകുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് കർക്കട ചികിത്സയുടെ പ്രാഥമിക ദൗത്യം. മരുന്നു കഞ്ഞി, ഔഷധ പ്രയോഗങ്ങൾ, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയിലൂടെ അണുബാധയെ ചെറുക്കാം. ആന്തരിക ബലം വർദ്ധിപ്പിക്കാം.
ഉച്ചമയക്കം മറന്നേക്കൂ
അഭ്യംഗ, സ്വേദന പ്രക്രിയകൾ ചെയ്ത് (എണ്ണകൊണ്ട് തിരുമ്മി, കഷായ മരുന്നുകളിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ശരീരം വിയർപ്പിക്കുന്ന) വമന വിരേചനാദികൾകൊണ്ടും കഷായ വസ്തികൊണ്ടും ശരീരം ശുദ്ധീകരിച്ചതിനുശേഷം കർക്കടകക്കഞ്ഞി കുടിക്കണം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, കഷായവസ്തി, ശിരോധാര തുടങ്ങി വിവിധ ചികിത്സകളുണ്ട്. ന്യൂറോ സംബന്ധമായ രോഗങ്ങൾ, മാനസിക സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, ഉറക്കകുറവ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് ശിരോധാര ഫലപ്രദമാണ്. ഐ ടി മേഖലകളിലും അതുപോലെ മാനസിക സംഘർഷം നേരിടുന്ന വിവിധതരം തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവരും മാസത്തിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ശിരോധാര പോലെയുള്ള ചികിത്സകൾ എടുക്കുന്നത് വളരെയധികം നല്ലതാണ്.
ആയുർവേദ വിധി പ്രകാരം ഏഴ് മുതൽ ഇതുപത്തിയൊന്ന് ദിവസം വരെയാണ് സാധാരണ രീതിയിൽ കർക്കിടക ചികിത്സ നടത്തേണ്ടത്. അതുകഴിഞ്ഞാൽ വേണ്ടത്ര വിശ്രമം എടുക്കുകയും വേണം. ശരീരത്തിലെ വിഷാംശം പൂർണമായി പുറന്തള്ളണമെങ്കിൽ കുറഞ്ഞത് ഏഴു ദിവസമെങ്കിലും ചികിത്സ എടുക്കുന്നതാണ് നല്ലത്. കിടത്തിചികിത്സയാണ് അനുയോജ്യം. ആവശ്യത്തിന് വിശ്രമവും പഥ്യവും ഉറപ്പാക്കാൻ ഇതു സഹായിക്കും. ശാന്തിഗിരിയുടെ കീഴിൽ സംസ്ഥാനത്തുള്ള എല്ലാ ആശുപത്രികളിലും കർക്കടക മാസത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്താറുണ്ട്. കർക്കടക ചികിത്സയ്ക്കുശേഷം ദിവസേന ധന്വന്തരം തൈലമോ ബല അശ്വഗന്ധ തൈലമോ തേച്ച് കുളിക്കാവുന്നതാണ്.
മരുന്ന് കഞ്ഞി
മരുന്നുകൾ ഇട്ട് ഉണ്ടാക്കുന്ന കഞ്ഞി പണ്ടു മുതൽ കർക്കടകമാസത്തിൽ ആളുകൾ സേവിച്ചിരുന്നു. കേരളത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ചികിത്സാ രീതി കൂടി ആയിരുന്നു അത്. ദഹനത്തിന് സഹായിക്കുന്ന മരുന്നുകൾ ഭക്ഷണത്തിൽ ചേർത്ത് നൽകുക എന്ന ആയുർവേദത്തിലെ ഒരു രീതിയാണ്. പ്രധാനമായും ഞവരയരി, ഉലുവ, ചെറുപയർ, ഔഷധക്കൂട്ട്, ജീരകം എന്നിവയാണ് ചേർക്കുന്നത്. ആവശ്യമെങ്കിൽ കരുപ്പെട്ടിചക്കരയും തേങ്ങാപ്പാലും ചേർത്ത് കഞ്ഞിയുടെ രുചി കൂട്ടാം.
വ്യായാമം
കർക്കടക മാസത്തിൽ ലഘുവായ വ്യായാമങ്ങൾ ചെയ്യാം. എന്നാൽ ചികിത്സയുടെയും തുടർന്നുള്ള വിശ്രമത്തിന്റെയും സമയത്ത് വ്യായാമം പൂർണമായി ഒഴിവാക്കണം.
ആഹാരം
മധുരവും എണ്ണയും കഴിയുന്നത്ര കുറയ്ക്കണം.പാവയ്ക്ക പോലെ കയ്പ്പുരസം കൂടുതലുള്ള പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. മഞ്ഞളിന്റെയും ഇഞ്ചിയുടെയും ഉപയോഗം കൂട്ടണം. സൂചിഗോതമ്പും ആരോഗ്യത്തിന് ഹിതകരമാണ്. കുത്തരിയാണ് നല്ലത്. കഴിയുന്നതും സസ്യാഹാരം ശീലമാക്കുക. കലോറി കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരമാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. കർക്കടകത്തിൽ ചെയ്യുന്ന ദേഹരക്ഷയുടെ ഗുണം ഒരുവർഷം നീണ്ടുനിൽക്കുമെന്നാണ് ആചാര്യൻമാർ പറയുന്നത്.

ഡോ. ഋജു കെ
അഡീഷണൽ മെഡിക്കൽ സൂപ്രണ്ട്, ആയുർവേദം
ശാന്തിഗിരി ആയുർവേദ
സിദ്ധ ഹോസ്പിറ്റൽ
ഫോൺ : 8111936007