suresh-gopi

അടുത്തിടെ സുരേഷ് ഗോപിയെ അധിക്ഷേപിച്ച ആൾക്ക് മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിംഹവാലൻ കുരങ്ങിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾ ചേർത്ത് വ്യത്യാസം കണ്ടെത്താമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. 'ലെഫ്റ്റിൽ എന്റെ തന്തയും റൈറ്റിൽ നിന്റെ തന്തയും' എന്നായിരുന്നു ഗോകുൽ നൽകിയ മറുപടി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

'വ്യത്യാസം കണ്ടുപിടിക്കാമോ എന്ന് ചോദിച്ചാൽ ഞാൻ പറയും. എന്റെ അച്ഛനും അമ്മയ്ക്കും ജനിച്ച ഞാനും, എന്റെ അച്ഛനും അമ്മയ്ക്കും ജനിക്കാതെ പോയ എന്റെ സഹോദരനും എന്ന് ഞാൻ മറുപടിയെഴുതിയേനെ. അതുകൊണ്ട് ഞാൻ ഒരുപാട് വളർന്നുപോയേനെ. മറ്റെയാളുടെയടുത്താ ഞാൻ ഈ പറയണത്. എനിക്കൊരു വിഷമവും തോന്നിയില്ല.

പക്ഷേ ഞാൻ വിഷമിച്ചൊരു കാര്യം ആ ആളുടെ അച്ഛനും അമ്മയും എത്ര ദിവസം ഉറങ്ങാതിരുന്നുകാണും. ഒരച്ഛന്റെ അഭിമാനം മകൻ കാത്തെന്നൊരു അഭിമാനം ഇപ്പുറത്തുണ്ടെങ്കിൽപ്പോലും അതിനകത്ത് ഉറക്കം നഷ്ടപ്പെട്ട്, ദ്രോഹിക്കപ്പെട്ട ഒരച്ഛനും അമ്മയുമില്ലേ.

അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഒന്ന് വിളിച്ച് ഗോകുലിനെ അഭിനന്ദിക്കാൻ എനിക്ക് തോന്നിയില്ല. എന്റെ അച്ഛന്റെ മൂല്യം എന്താണെന്നെനിക്കറിയാമെന്ന് പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ഗോകുൽ പോസ്റ്റ് ഇട്ടു.അപ്പോൾ ഞാൻ മനസിൽ പറഞ്ഞു, ഇപ്പോഴാണെടാ നീ എന്റെ മോനായതെന്ന്.'- സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞു.