
കൊൽക്കത്ത: മൂന്ന് തവണ വിൽക്കപ്പെട്ടു, നിരവധി തവണ പീഡിപ്പിക്കപ്പെട്ടു, മുപ്പത് വയസ് പ്രായക്കൂടുതലുള്ള ആളുമായി ബലമായി വിവാഹം കഴിക്കപ്പെട്ടു. എന്നിട്ടും തളരാതെ പോരാടിയ ഇരുപത്തിരണ്ടുകാരി ഇന്ന് കോളേജ് പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് നരകയാതനകൾ സഹിച്ച് വൈകിയാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയത്.
നാല് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലാണ് പെൺകുട്ടിയെ മനുഷ്യക്കടത്തുകാർ വിവിധ ആളുകൾക്ക് വിറ്റത്. പതിനഞ്ചാം വയസിൽ സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട രാഹുൽ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായതാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. പിന്നാലെ ഏഴുവർഷം മുൻപ് ജനുവരി ഏഴിന് പതിനഞ്ചുകാരി ചെറുപ്പക്കാരനുമൊത്ത് ജീവിക്കാൻ വീടുവിട്ടിറങ്ങുന്നു. കൊൽക്കത്തയിൽ വച്ച് ഇരുവരും കാണുകയും ബീഹാറിലേയ്ക്ക് ബസ് കയറുന്നതിനായി കൊൽക്കത്തയിൽ നിന്ന് പത്ത് കിലോമീറ്റർ അപ്പുറമുള്ള ബാബുഗട്ടിൽ എത്തിക്കുകയും ചെയ്യുന്നു. പിന്നാലെ ഉടൻ എത്താമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ബസിൽ ഇരുത്തി ഇയാൾ കടന്നുകളയുന്നു. പെൺകുട്ടിയെ ഇയാൾ ഒന്നരലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യാഗസ്ഥർ വെളിപ്പെടുത്തി.
തുടർന്ന് രാഹുലിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയയാൾ പെൺകുട്ടിയെ ട്രെയിൻ മാർഗം ബീഹാറിൽ എത്തിക്കുന്നു. ഇയാൾ പെൺകുട്ടിയെ കമാൽ എന്നയാൾക്ക് വിറ്റു. കമാൽ കുട്ടിയെ ഉത്തർപ്രദേശിലുള്ള ചിത്രയെന്ന സ്ത്രീയ്ക്ക് വിൽക്കുന്നു. ചിത്ര കുട്ടിയെ 45 വയസുള്ള തന്റെ സഹോദരനെക്കൊണ്ട് ബലംപ്രയോഗിച്ച് വിവാഹം ചെയ്യിക്കുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോകുന്നു. സംഭവത്തിന് പിന്നാലെ ചിത്രയുടെ മകനായ ലവ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ ഒരവസരം ലഭിച്ചപ്പോൾ പെൺകുട്ടി ചിത്രയുടെ ഫോണിലൂടെ മാതാവിനെ വിവരങ്ങൾ അറിയിക്കുന്നു.
പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയുടെ കാമുകനായിരുന്ന രാഹുലിനെ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ ചിത്ര ഭയപ്പെടുകയും പെൺകുട്ടിയെ കൊണ്ടുപോകാൻ കമാലിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പിന്നാലെ കമാലും സഹായി ഭിഷമും കുട്ടിയെ ഉത്തരാഖണ്ഡിൽ എത്തിച്ചു. ചിത്രയും മകനും അറസ്റ്റിലായെന്നറിഞ്ഞ ഇരുവരും പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും കാശിപൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പിന്നാലെ റെയിൽവേ സ്റ്റേഷനിലെ ഒരു മൂലയിൽ സ്വബോധം നഷ്ടപ്പെട്ട് ഇരിക്കുന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. ആഘാതം മൂലം പെൺകുട്ടിയ്ക്ക് ഒരുമാസത്തോളം സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ല. തുടർന്ന് മനശാസ്ത്രവിദഗ്ദ്ധന്റെ അരികിലെത്തിച്ച് നിരന്തരമായ കൗൺസിലിങ്ങിലൂടെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന യുവതി പഠനം ആരംഭിച്ച് ഇപ്പോൾ ഹയർ സെക്കന്ററി പരീക്ഷ നല്ല മാർക്കോടെ വിജയിച്ചിരിക്കുകയാണ്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രാഹുലിനും ചിത്രയ്ക്കും പത്ത് വർഷം തടവും കമാൽ, ചിത്രയുടെ സഹോദരൻ, ലവ്, ഭിഷം എന്നിവർക്ക് ഇരുപത് വർഷം കഠിനതടവും കോടതി വിധിച്ചു. രാഹുലിന്റെ സുഹൃത്തെന്ന പേരിൽ പെൺകുട്ടിയെ കമാലിന് വിറ്റയാളെ കണ്ടെത്താനായില്ല.