gst

ന്യൂഡൽഹി: ജൂലായിൽ ചരക്ക്-സേവന നികുതിയായി (ജി.എസ്.ടി) കേരളം സമാഹരിച്ചത് 29 ശതമാനം വളർച്ചയോടെ 2,161 കോടി രൂപ. 2021 ജൂലായിൽ 1,675 കോടി രൂപയായിരുന്നു. 17 ശതമാനം വളർച്ചയോടെ 22,129 കോടി രൂപ നേടിയ മഹാരാഷ്‌ട്രയാണ് കഴിഞ്ഞമാസവും ഒന്നാമത്.

45 ശതമാനം വളർന്ന കർണാടക 9,795 കോടി രൂപ സമാഹരിച്ചു. 20 ശതമാനം വളർച്ചയോടെ ഗുജറാത്ത് 9,183 കോടി രൂപയും 34 ശതമാനം വളർച്ചയോടെ തമിഴ്നാട് 8,449 കോടി രൂപയും നേടി. 7,074 കോടി രൂപയാണ് ഉത്തർപ്രദേശ് നേടിയത്; വളർച്ച 18 ശതമാനം. കഴിഞ്ഞവർഷം ജൂലായെ അപേക്ഷിച്ച് ജമ്മു കാശ്മീരിന്റെ വളർച്ച പൂജ്യം ശതമാനം. ബീഹാർ, ത്രിപുര, ഡാമൻ ഡിയു എന്നിവ നെഗറ്റീവ് വളർച്ചയും രേഖപ്പെടുത്തി.

ദേശീയ സമാഹരണം

₹1.48 ലക്ഷം കോടി

ദേശീയതലത്തിൽ കഴിഞ്ഞമാസം സമാഹരിക്കപ്പെട്ട മൊത്തം ജി.എസ്.ടി 1.48 ലക്ഷം കോടി രൂപ. ജി.എസ്.ടിയുടെ ചരിത്രത്തിൽ ഒരുമാസം നേടുന്ന രണ്ടാമത്തെ വലിയ തുകയാണിത്. ഇക്കഴിഞ്ഞ ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയാണ് റെക്കാഡ്.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 25,751 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,807 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 79,518 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസായി 10,920 കോടി രൂപയും പിരിച്ചു.

28%

കഴിഞ്ഞമാസത്തെ ദേശീയ സമാഹരണം 2021 ജൂലായിലെ 1.16 ലക്ഷം കോടി രൂപയേക്കാൾ 28 ശതമാനം അധികമാണ്.

5

കഴിഞ്ഞ അഞ്ചുമാസങ്ങളിലും തുടർച്ചയായി ദേശീയ സമാഹരണം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. സമാഹരണം ഇങ്ങനെ: (തുക ലക്ഷം കോടിയിൽ)

 മാർച്ച് : ₹1.42

 ഏപ്രിൽ : ₹1.67

 മേയ് : ₹1.40

 ജൂൺ : ₹1.44

 ജൂലായ് : ₹1.48

7.45 കോടി

ജൂലായിലെ ജി.എസ്.ടി സമാഹരണത്തിനായി ജൂണിൽ ജനറേറ്റ് ചെയ്യപ്പെട്ട ഇ-വേ ബില്ലുകൾ 7.45 കോടിയായിരുന്നു. മേയിലെ 7.36 കോടിയിൽ നിന്നാണ് വളർച്ച.