nancy-pelocy

ബീജിംഗ്: തായ്‌വാൻ സന്ദർശിക്കാൻ തീരുമാനിച്ചാൽ യു.എസ് സ്‌പീക്കർ നാൻസി പെലോസിയുടെ വിമാനം ചൈന ആക്രമിച്ചേക്കുമെന്ന് ചാരഏജൻസികളുടെ മുന്നറിയിപ്പ്. നാൻസി തായ്‌വാനിലെത്തിയാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ചൈനീസ് സൈന്യം നേരത്തെ പറഞ്ഞിരുന്നു.

ഇന്നലെ ലോകത്തേറ്റവും വലിയ സൈനിക സംവിധാനമായ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി അതിന്റെ 95-ാം വാർഷികം ആഘോഷിച്ചത് യു.എസിനെതിരായ ശക്തിപ്രകടനമാണെന്നാണ് വിലയിരുത്തൽ.

സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശന തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ചൈന ഉറച്ച തീരുമാനം എടുക്കുമെന്നും അതുവഴിയുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് അമേരിക്ക മാത്രമായിരിക്കും ഉത്തരവാദിയെന്നും വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.

അതേസമയം, പെലോസി ഇതുവരെയും തായ്‌വാൻ സന്ദർശിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെ താൻ നയിക്കുമെന്ന് പെലോസി ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.
വ്യാപാരചർച്ചകൾക്കാണ് യാത്രയെന്ന് അവർ സ്ഥിരീകരിച്ചു. കൊവിഡ് 19, കാലാവസ്ഥാ വ്യതിയാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെന്നും അവർ വ്യക്തമാക്കി.

ചൈന ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാൽ തായ്‌വാൻ സന്ദർശനം പെലോസി ഉപേക്ഷിച്ചോ എന്നതിൽ വ്യക്തതയില്ല.

പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണിത്. തീയിൽ കളിച്ചാൽ സ്വയം നാശമായിരിക്കും ഫലമെന്ന് ഷി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, പെലോസിയുടെ യാത്ര ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് നല്ല ആശയമല്ലെന്നാണ് സൈന്യം കരുതുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞയാഴ്ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ നിലപാട് 'ആവശ്യമില്ലാത്തതാണെ"ന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

'ഏകീകൃത ചൈന' എന്ന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാൽ, തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യു.എസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യൻ പര്യടനത്തിനിടയിൽ, തായ്‌വാൻ സന്ദർശിക്കാനുള്ള യു.എസ് സ്പീക്കറുടെ തീരുമാനം താ‌യ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. അതാണ് ചൈനയെ ചൊടിപ്പിക്കുന്നതും.‌

ചൈന ഭയപ്പെടുന്നതെന്ത്?

അമേരിക്കയിൽ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധി സഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്റാകേണ്ട വ്യക്തിയാണ്. അത്രത്തോളം ഉയർന്ന പദവി വഹിക്കുന്ന ഒരു വ്യക്തി തായ്വാൻ സന്ദർശിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതമാണ് ചൈന ഭയപ്പെടുന്നത്.

പെലോസി ഈ സന്ദർശനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ, 1997ന് ശേഷം ദ്വീപ് രാഷ്ട്രത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ യു.എസ് ഉന്നത വ്യക്തിയെന്ന റെക്കാഡിനുടമയാകും. തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സർക്കാരിന്റെ നിലപാട്. ബലംപ്രയോഗിച്ചാണെങ്കിലും തായ്‌വാനെ തങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടും അവർക്കുണ്ട്.

മുന്നറിയിപ്പായി സൈനിക അഭ്യാസം

ഹൈപ്പർസോണിക് മിസൈൽ, കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താൻ കഴിയുന്ന യുദ്ധ കപ്പൽ, ഏരിയൽ ടാങ്കർ, വലിയ ഡിസ്‌ട്രോയറുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളാണ് 95ാം സൈനിക വാർഷികത്തോടനുബന്ധിച്ച് പി.എൽ.എ പരീക്ഷിച്ചത്. ഒരു സംഘർഷമുണ്ടായാൽ ഈ ആയുധങ്ങൾ കൃത്യമായ മറുപടി നൽകാൻ ഉപകരിക്കുമെന്ന് ചൈനീസ് സൈനിക വിദഗ്ദ്ധർ വ്യക്തമാക്കി. ആയുധ ശക്തി പ്രകടനത്തിന്റെ ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള വീഡിയോ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ പുറത്തിറക്കിയിരുന്നു. വിജനമായ ഹൈവേയിൽ ഒരു ട്രാൻസ്‌പോർട്ടർ ഇറക്ടർ ലോഞ്ചറിൽ നിന്ന് ഉഎ17 ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. ദക്ഷിണ ചൈനാ കടൽ, തായ്‌വാൻ കടലിടുക്ക്, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങൾ ലക്ഷ്യമാക്കി കൃത്യമായ ആക്രമണം നടത്താൻ മിസൈലിന് കഴിയുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.