muneer

കോഴിക്കോട്: ലിംഗ സമത്വത്തിനെതിരെയല്ല പുരുഷാധിപത്യത്തിനെതിരെയാണ് സംസാരിച്ചതെന്ന് മുസ്ലീംലീഗ് നേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ. പുരോഗമനവാദിയാണെങ്കിലും താൻ അരാജകവാദിയല്ല. ട്രാൻസ്‌ജെൻഡർ പോളിസി കൊണ്ടുവന്നയാളാണ് താൻ. സ്ത്രീ സമൂഹത്തോട് ബഹുമാനവും ആദരവും മാത്രമെയുള്ളു. പുരുഷമേധാവിത്വം സ്ത്രീകളിൽ അടിച്ചേൽപ്പിക്കാനുള്ള ഉപാധിയായി 'ലിംഗ സമത്വം' എന്ന പദം ദുരുപയോഗം ചെയ്യുന്നു. പാന്റ്സും ഷർട്ടും പെൺകുട്ടികൾ ധരിക്കുന്നതിന് എതിരല്ല. സൗകര്യം എന്താണോ അത് ധരിക്കാനുള്ള അവകാശം അവർക്കുണ്ട്.
യഥാർത്ഥത്തിൽ ലിംഗ നീതിയാണ് വേണ്ടത്. എല്ലാവരെയും ഒരുപോലെ മാനിക്കണം. ആരെയും അപമാനിക്കാൻ ശ്രമിച്ചില്ല. ഒരു കേസ് സ്റ്റഡി പോലെ വിഷയം ചൂണ്ടിക്കാണിക്കുകയായിരുന്നു. മതവിശ്വാസികൾ കൂടുതലുള്ള രാജ്യത്തിൽ മതവിശ്വാസികളല്ലാത്ത ന്യൂനപക്ഷത്തിനു വേണ്ടി പാഠപുസ്തകങ്ങൾ തയാറാക്കുന്നത് രാഷ്ട്രീയ അജൻഡയാണ്. പാളിപ്പോയൊരു കാര്യം മറ്റൊരു രീതിയിൽ മത നിഷേധത്തിലേക്ക് എത്തിക്കുകയാണ്. സി.പി.എം സ്ത്രീവിരുദ്ധ പാർട്ടിയാണ്. എം.എം.മണിയുടെയും എ.വിജയരാഘവന്റെയും പ്രസ്താവനകൾ ഇതിനുദാഹരണമാണ്. മുനീർ പറഞ്ഞു.