dani

ബ്രിട്ടൻ:'കണ്ണുപൊട്ടി, ഒറ്റക്കണ്ണി, ചത്ത കണ്ണുള്ളവൾ....' തുടങ്ങി പരിഹാസ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചവരുടെ കണ്ണുതള്ളിപ്പോകുന്ന വിധം സ്വർണക്കണ്ണ് സ്വന്തമാക്കിയ ലിവർപൂളിലെ ബാർ ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിലെ താരം.

ആറു മാസം പ്രായമുള്ളപ്പോൾ അർബുദം ബാധിച്ച് ഒരു കണ്ണ് നഷ്ടമായ 25കാരിയായ ഡാനി വിന്റോയാണ് സ്വർണക്കണ്ണ് സ്വന്തമാക്കിയത്. 'റെറ്റിനോബ്ലാസ്‌റ്റോമ" എന്ന അപൂർവ അർബുദമാണ് ഡാനിക്ക് വിനയായത്.

അർബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ വലതു കണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമ കണ്ണു വച്ചു.

അതോടെ ഡാനിയുടെ ജീവിതം മറ്റുള്ളവരുടെ കളിയാക്കലിനും കുത്തുവാക്കുകൾക്കും ഇരയായി.

ബാല്യകാലത്ത് സ്‌കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിയാക്കിയത്. കുഞ്ഞുഡാനിയുടെ സ്കൂൾ ജീവിതം എന്നും കണ്ണീരിൽ കുതിർന്നു. വലുതായി, ബാറിൽ ജോലി ലഭിച്ചിട്ടും സാഹചര്യങ്ങൾക്ക് മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാൾ ക്രൂരമായിരുന്നു മുതിർന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു.

ബാറിൽ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം ഒഴിച്ചുകൊടുക്കുമ്പോൾ ചിലർ 'നീ എന്നെയാണോ നോക്കുന്നത് അതോ എന്റെ പിന്നിൽ നിൽക്കുന്ന ആളെയാണോ? ' എന്ന് ചോദിക്കും. മറ്റൊരിക്കൽ ഒരാൾ 20 പൗണ്ട് ടിപ്പ് ആയി തന്നിട്ട് പറഞ്ഞു,'നീ പോയി നിന്റെ ചത്ത കണ്ണ് ശരിയാക്കിയിട്ട് വാ' എന്ന്. ആ പണവും ജോലി ചെയ്ത് ലഭിച്ച കാശുമൊക്കെ ശേഖരിച്ച് വച്ചാണ് ഡാനി സ്വർണക്കണ്ണ് സ്വന്തമാക്കിയത്.

162 പൗണ്ട് (15,623 ഇന്ത്യൻ രൂപ) മുടക്കി നാഷണൽ ആർട്ടിഫിഷ്യൽ ഐ സർവീസിൽ നിന്നാണ് ഡാനി സ്വർണംകൊണ്ടുള്ള കണ്ണ് വാങ്ങിയത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്‌ണമണിക്കാണ് പൊന്നിൻ തിളക്കം. സ്വർണക്കണ്ണ് വെച്ചശേഷമുള്ള നിരവധി ചിത്രങ്ങൾ ഡാനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.