
ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും നടനുമായിരുന്ന എൻ.ടി. രാമറാവുവിന്റെ മകൾ ഉമാമഹേശ്വരിയെ (57) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജൂബിലി ഹിൽസിലെ വസതിയിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് കമ്മിഷണർ സി.വി. ആനന്ദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇവർ ഏറെ നാളായി വിഷാദരോഗത്തിന് ഇരയായിരുന്നുവെന്നാണ് അറിയുന്നത്. ഭർത്താവ് കൂടെയുണ്ടായിരുന്നില്ല. ഉമാമഹേശ്വരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹൈദരാബാദിലുളള ഇളയ മകൾ ഭർത്താവുമൊത്ത് കഴിഞ്ഞ ദിവസം ഇവരെ സന്ദർശിച്ചിരുന്നു.
രാമറാവുവിന്റെ പന്ത്രണ്ട് മക്കളിൽ ഇളയതാണ് ഉമാമഹേശ്വരി. ബി.ജെ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ പുരന്ദേശ്വരി, ടി.ഡി.പി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി എന്നിവർ സഹോദരിമാരാണ്. അടുത്തിടെ ഉമാ മഹേശ്വരിയുടെ മകളുടെ വിവാഹത്തിന് ബന്ധുമിത്രാദികൾ വന്നുചേർന്നിരുന്നു. സി.ആർ.പി.സി വകുപ്പ് 174 പ്രകാരം പൊലീസ് കേസെടുത്തു.