
കൊല്ലം: നീണ്ടകരയിൽ വലിയ തിരയിൽപ്പെട്ട് മത്സ്യബന്ധന ബോട്ട് മറിയാനൊരുങ്ങി. ബോട്ടിലെ സ്രാങ്കിന്റെ മനസാന്നിദ്ധ്യം രക്ഷിച്ചത് 28 പേരുടെ ജീവൻ. ശക്തമായ മഴയുടെ പിന്നാലെ കാറ്റും ഉണ്ടായതോടെ സംസ്ഥാനത്തെ കടലുകളിൽ കനത്ത തിരയാണ് ഉണ്ടായത്. കടലിൽ പോകരുതെന്ന് നിരോധനമുണ്ടായിട്ടും നിരവധി ബോട്ടുകൾ കടലിൽ പോയിരുന്നു. ഇത്തരത്തിലെ ബോട്ടുകളിലൊന്നാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടടുപ്പിച്ചാണ് അപകടമുണ്ടായത്. തിരയടിയിൽ നിന്നും രക്ഷപ്പെട്ട് കരയിലേക്ക് വരികയായിരിന്ന ബോട്ട് ഒരുവശം ചെരിഞ്ഞ് മറിയാനൊരുങ്ങിയതും നാലുപേർ കടലിലേക്ക് വീണു. ബോട്ട് മറിയാതെ സ്രാങ്ക് നിയന്ത്രിച്ചു നിർത്തി.
മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അപകടത്തിൽപെട്ടവരെ അടുത്തുളള ബോട്ടിലെത്തിയവർ രക്ഷിച്ചു. തൃശൂരും ചേറ്റുവായിലും ബോട്ട് തിരയിൽപെട്ട് മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.