
വാഷിംഗ്ടൺ: അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. ഡ്രോൺ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. നീതി നടപ്പായെന്നും ബൈഡൻ പ്രതികരിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് ആക്രമണം നടന്നത്.
അമേരിക്കൻ ചാര സംഘടനയായ സി ഐ എയാണ് അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തിയതെന്ന് ബൈഡൻ അറിയിച്ചു. കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ രണ്ട് മിസൈലുകൾ അയച്ചാണ് സവാഹിരിയെ വധിച്ചത്.
ആക്രമണം നടക്കുന്ന സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അൽ ഖ്വയിദയുടെ തലവനായത്.