
കണ്ണൂർ: വിവാഹച്ചടങ്ങിന് കാവലിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പാനൂരിൽ ജൂലായ് 31 ന് നടന്ന ചടങ്ങിന് നാല് പൊലീസുകാരെയാണ് വാടകയ്ക്ക് വിട്ടുകൊടുത്തത്. ഒരാൾക്ക് 1400 രൂപ പ്രകാരം 5600 രൂപ അടച്ചാണ് പൊലീസുകാരെ വാടകയ്‌ക്കെടുത്തത്.
കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് കാവലിനായി പൊലീസുകാരെ വിട്ടുനൽകിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. പണം ഈടാക്കി പൊലീസ് സേവനം നൽകാറുണ്ടെങ്കിലും ആഢംബരവിവാഹം പോലുള്ള കാര്യത്തിന് പൊലീസിനെ ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് അസോസിയേഷന്റെ വിമർശനം.
"വി.ഐ.പി പരിവേഷം ലഭിക്കുന്നതിന് വേണ്ടിയാണ് പൊലീസിനെ ആവശ്യപ്പെട്ടത്. പൊലീസിന് ഇത്തരക്കാർ വി.ഐ.പി ആകണമെന്നില്ല.ഇങ്ങനെ പലപ്പോഴും വി.ഐ.പി പരിവേഷം ഉണ്ടായിരുന്നവർ പിന്നീട് ആരോപണ വിധേയരാകുന്നതും ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത്."- പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.