
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കണ്ണൂർ പേരാവൂരിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ കണിച്ചാൽ പഞ്ചായത്തിലെ ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്ലിൻ (രണ്ടര വയസ്) അടക്കം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വനത്തിനുള്ളിൽ കാണാതായ ആളുടെ മൃതദേഹവും കണ്ടെത്തി. കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ വനത്തിനുള്ളിൽ കാണാതായ പൗലോസാണ് മരിച്ചത്. മരത്തിന്റെ ചില്ലകൾ തലയിൽ വീണായിരുന്നു മരണം.