
കാബൂൾ : അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ ബുദ്ധികേന്ദ്രമായ കൊടും ഭീകരനെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചയോടെയാണ് ഭീകരനെ കൊലപ്പെടുത്തിയത്. ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അൽ ഖ്വയിദയുടെ തലവനായത്.
ആരാണ് സവാഹിരി
ഒസാമ ബിൻ ലാദൻ കഴിഞ്ഞാൽ അൽ അൽ ഖ്വയിദയുടെ മുഖമായിരുന്നു കൊടും ഭീകരനായ അയ്മാൻ അൽ സവാഹിരി. 2001ൽ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ബിൻ ലാദനെ അമേരിക്ക വധിച്ചുവെങ്കിലും സവാഹിരിയുടെ പൊടി പോലും കണ്ടെത്താനായില്ല. അടുത്തിടെ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും മടങ്ങുകയും താലിബാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സവാഹിരി വീണ്ടും പ്രത്യക്ഷനായി തുടങ്ങിയത്. യു എസ് സൈന്യം പൂർണമായും അഫ്ഗാൻ വിട്ടതിന് ശേഷം നടത്തുന്ന വലിയ ആക്രമണമാണ് ഇപ്പോഴത്തേത്.
ബിൻലാദന്റെ ചിത്രങ്ങളിൽ തോളോടു തോൾ ചേർന്ന് നിന്നിരുന്ന സവാഹിരി ജനിച്ചത് ഈജിപ്തിലാണ്. കെയ്‌റോ നഗരപ്രാന്തത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച സവാഹിരി നേത്രരോഗ വിദഗ്ദ്ധൻ കൂടിയായിരുന്നു. എന്നാൽ പിന്നീട് തീവ്ര മതാശയങ്ങളിൽ ആകർഷകനായി സുന്നി ഇസ്ലാമിക നവോത്ഥാനത്തിന്റെ അക്രമാസക്തമായ പാതകളിലൂടെ സഞ്ചാരം തുടങ്ങി. മദ്ധ്യേഷ്യയിലും, ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനങ്ങൾ നടത്തുകയും അവിടെ വച്ച് ഒസാമ ബിൻ ലാദനെയും മറ്റ് അറബ് തീവ്രവാദികളെയും പരിചയപ്പെടുകയുമായിരുന്നു. സോവിയറ്റ് സൈന്യത്തെ അഫ്ഗാനിൽ നിന്നും പുറത്താക്കാനുള്ള അമേരിക്കൻ തന്ത്രങ്ങളുടെ നേതൃത്വം വൈകാതെ ഇവർ ഏറ്റെടുത്തു. ബിൻ ലാദൻ അൽഖ്വയ്ദ സ്ഥാപിച്ചപ്പോൾ മുതൽ സവാഹിരി മുൻനിരയിൽ ഉണ്ടായിരുന്നു.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം തീവ്രവാദ ഫണ്ടുകൾ പ്രധാനമായും കൈകാര്യം ചെയ്തത് സവാഹിരിയായിരുന്നു. അഫ്ഗാൻ പാകിസ്ഥാൻ അതിർത്തി മേഖലയിൽ ഒളിവിൽ താമസിച്ച ഇയാൾ അൽഖ്വയ്ദയെ പുനർ നിർമ്മിക്കുന്ന ശ്രമങ്ങൾ തുടർന്നു. ഇറാഖ്, ഏഷ്യ, യെമൻ എന്നിവിടങ്ങളിലെ സംഘടനയുടെ ചുമതലയും വഹിച്ചു. ബാലി, മൊംബാസ, റിയാദ്, ജക്കാർത്ത, ഇസ്താംബുൾ, മാഡ്രിഡ്, ലണ്ടൻ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്തിയ അൽഖ്വയ്ദയുടെ മാസ്റ്റർ പ്ലാൻ സവാഹിരിയുടേതായിരുന്നു.
സി ഐ എയുടെ ഓപ്പറേഷൻ
ഞായറാഴ്ച അതിരാവിലെയാണ് അമേരിക്ക സവാഹിരിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സവാഹിരി കുടുംബത്തോടെ ഒളിവിൽ താമസിക്കുന്ന വീട് കണ്ടെത്തിയ സി ഐ എ, പ്രഭാതത്തിൽ ഭീകരൻ ബാൽക്കണിയിൽ വരാറുണ്ടെന്ന് മനസിലാക്കി. ഞായറാഴ്ചയുടെ സൂര്യോദയത്തിൽ ബാൽക്കണിയിൽ വന്ന ഭീകരനെ എതിരേറ്റക് അമേരിക്കൻ ആളില്ലാ വിമാനത്തിൽ നിന്നും കുതിച്ചു പാഞ്ഞെത്തിയ രണ്ട് ഹെൽഫയർ മിസൈലുകളായിരുന്നു. അതേസമയം വീടിനുള്ളിലുണ്ടായിരുന്ന സവാഹരിയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെടുകയും ചെയ്തു. 21 വർഷമായി അമേരിക്ക തേടുന്ന കൊടുംഭീകരനെയും സി ഐ എ വധിച്ചു പകവീട്ടിയിരിക്കുകയാണ്.