
ജയ്‌പൂർ: രാജ്യത്ത് മങ്കിപോക്‌സ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന സൂചന നൽകി രാജസ്ഥാനിൽ മങ്കിപോക്‌സ് എന്ന് സംശയിക്കുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇരുപതുകാരനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്കയച്ചതായി ആരോഗ്യശാസ്ത്ര സർവലാശാല മേധാവി ഡോ.അജിത് സിംഗ് പറഞ്ഞു.
യുവാവിനെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ചെറുപ്പക്കാരന് പനിയുണ്ട്. ശരീരത്തിൽ പാടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേരളത്തിലായിരുന്നു രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. പിന്നാലെ തൃശൂരിലും മലപ്പുറത്തും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ നാലും ഡൽഹിയിൽ ഒരു കേസുമാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം തൃശൂരിൽ സ്ഥിരീകരിച്ചു. ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ 22കാരന്റെ മരണമാണ് മങ്കിപോക്‌സ് ബാധിച്ചാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചത്. യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന 21 പേർ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചശേഷം 21ന് കേരളത്തിലെത്തിയ യുവാവ്, 27ന് രോഗം മൂർച്ഛിച്ചപ്പോഴാണ് ചികിത്സ തേടിയത്.
30ന് രാവിലെയായിരുന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരണമടഞ്ഞത്. നാട്ടിൽ വന്നശേഷം സുഹൃത്തുക്കളുമായി ഫുട്ബാൾ കളിച്ചിരുന്നു. ഇത് പരിസരപ്രദേശങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ രോഗലക്ഷണം ആർക്കും ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.