parenting

കളിമണ്ണ് കൊണ്ട് എന്ത് രൂപമുണ്ടാക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ്. അവരുടെ മനസ് ശുദ്ധമാണ്, തലച്ചോർ ക്ലീനാണ്. അവനെ അല്ലെങ്കിൽ അവളെ എങ്ങനെ വളർത്തണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. ആത്മവിശ്വാസം കൂടുതലുള്ള കുട്ടികൾ പഠനവിഷയങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വലിയ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഇത് അത്യാവശ്യമാണ്.

കുട്ടികളിൽ എങ്ങനെ ആത്മവിശ്വാസം വളർത്താം...

മക്കളെ അഭിനന്ദിക്കുക

കുട്ടി പുതിയ എന്തെങ്കിലും കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, അവർ വിജയിച്ചില്ലെങ്കിലും നിങ്ങൾ അവരുടെ പരിശ്രമം തിരിച്ചറിയണം. ഭാവിയിൽ പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ഭയം മറികടക്കാൻ ഇത് കുട്ടിയെ സഹായിക്കും. നിങ്ങളുടെ അഭിനന്ദനങ്ങൾ അവന്റെ അല്ലെങ്കിൽ അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പുതിയ ജോലികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.


മറ്റുള്ളവരുമായി താരതമ്യം വേണ്ട

സ്വന്തം മക്കളെ മറ്റ് കുട്ടികളുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. അടുത്ത വീട്ടിലെ കുട്ടി കൂടുതൽ മാർക്ക് വാങ്ങിയല്ലോ, നീ പഠിക്കാത്തതുകൊണ്ടല്ലേ എന്നൊക്കെ പറഞ്ഞുള്ള കുറ്റപ്പെടുത്തലുകൾ അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കും. കൂടാതെ എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലും കുട്ടിയിലുണ്ടാക്കും.


കുട്ടികൾക്ക് മാതൃകയാകുക

കുടുംബമാണ് അവരുടെ ആദ്യ ക്ലാസ് മുറി, കുട്ടികൾ പലപ്പോഴും മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മാതാപിതാക്കൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടൻ കിടക്ക നന്നായി വിരിക്കുക. നിങ്ങളും ഇങ്ങനെ ചെയ്യണമെന്ന് മക്കളോട് പറയുക. അപ്പോൾ അവരും അത് അനുകരിക്കും.

ചെറിയ ജോലികൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുക

ഉദാ: കളിച്ചതിന് ശേഷം കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പറയുക, കിടക്ക വിരിക്കാൻ പറയുക, പുസ്തകങ്ങൾ അടുക്കുംചിട്ടയോടെ വയ്ക്കാൻ പഠിപ്പിക്കുക. ചെറിയ ജോലികൾ പൂർത്തിയാക്കുന്നത് അവരുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കും.