occult-worship

ജയ്‌പൂർ: വീട്ടിൽ നടന്ന മന്ത്രവാദ കർമങ്ങൾക്കിടെ പതിനാറുകാരി ഏഴുവയസുകാരിയെ തലയറുത്ത് കൊന്നു. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ ജിൻജ്വാഫല ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി വാളുപയോഗിച്ച് തലയറുക്കുകയായിരുന്നു.

പതിനാറുകാരിയുടെ വീട്ടിൽ വിഗ്രഹംവച്ച് പൂജ നടക്കുകയായിരുന്നു. ഇരുപെൺകുട്ടികളുടെ കുടുംബങ്ങളും പൂജയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ദേവതയുടെ ശക്തി ലഭിച്ചുവെന്ന് ആക്രോശിച്ച് പെൺകുട്ടി പൂജയ്ക്ക് ഉപയോഗിച്ച വാളെടുത്ത് എല്ലാവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കാൻ തുടങ്ങി. പിന്നാലെ കുടുംബാംഗങ്ങളെ വാളുപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും അമ്മാവനും പരിക്കേൽക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി ഏഴുവയസുകാരി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയിലെത്തി കുട്ടിയെ വലിച്ചിഴച്ച് മറ്റൊരിടത്ത് കൊണ്ടുപോവുകയും വാളുപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തുമ്പോൾ കുട്ടിയുടെ മൃതദേഹം വീടിന് പുറത്ത് കിടക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പതിനാറുകാരിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.