karan-johar-amir-khan

ബോളിവുഡിൽ ഏറ്റവും കടുതൽ വിമർശനം നേരിടുന്ന സംവിധായകരിൽ മുൻ പന്തിയിലാണ് കരൺ ജോഹർ. പ്രധാനമായും സ്വജനപക്ഷപാതമാണ് കരണിനെതിരെ പലരും ഉയർത്തിയിട്ടുള്ള ആരോപണം. താരപുത്രന്മാർക്കും പുത്രിമാർക്കും കഴിവിന് ഉപരിയായി അവസരം നേടികൊടുക്കുന്നു എന്നതാണ് കരൺ ജോഹർ നേരിടുന്ന പ്രധാന ആക്ഷേപം. മാത്രമല്ല പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലും അദ്ദേഹം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

അടുത്തിടെ, തെന്നിന്ത്യൻ താരം സാമന്തയുമായുള്ള അഭിമുഖത്തിൽ (കോഫി വിത്ത് കരൺ) ടോളിവുഡിലെ ഏറ്റവും മുൻനിര അഭിനേത്രി ആരെന്ന് ചോദിച്ചിരുന്നു. ഇതിനുത്തരമായി സാമന്ത പറഞ്ഞത് നയൻതാരയുടെ പേരാണ്. എന്നാൽ തന്റെ ലിസ്‌റ്റിൽ അവരുടെ പേരില്ലെന്നായിരുന്നു കരണിന്റെ പ്രതികരണം. ഇത് നയൻതാരയുടെ ആരാധകരെ ചൊടിപ്പിച്ചു. സോഷ്യൽ മീഡിയ പേജിലടക്കം കടുത്ത വിമർശനമാണ് നയൻസിന്റെ ആരാധകർ കരണിനെതിരെ ഉയർത്തിയത്. വിവാദം കനത്തതോടെ ന്യായീകരണവുമായി താരസംവിധായകൻ എത്തി. തനിക്ക് ലഭ്യമായിരുന്ന ലിസ്‌റ്റിൽ നയൻതാരയുടെ പേര് ഉണ്ടായിരുന്നില്ലെന്നും, സാമന്തയായിരുന്നു നമ്പർ വൺ എന്നുമാണ് കരൺ ജോഹർ പറഞ്ഞത്.

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ പാപ്പരാസികൾക്കുള്ള പുതിയ വിഭവം കരൺ ഒരുക്കികൊടുത്തിട്ടുണ്ട്. ആമിർ ഖാനും കരീന കപൂറുമായിരുന്നു ഇത്തവണത്തെ അതിഥികൾ. പരിപാടിയിൽ കരീനയോടുള്ള കരണിന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടായതിന് ശേഷം സെക്‌സ് നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നതായിരുന്നു അത്. നിങ്ങൾക്ക് ഇരട്ടകുട്ടികളല്ലേ? നിങ്ങൾ തന്നെ പറയൂ എന്ന് കരീന മറുപടിയും നൽകി. എന്നാൽ തന്റെ അമ്മ ഇത് കാണുന്നുണ്ടെന്നും, ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നുമായിരുന്നു കരൺ ജോഹർ പ്രതികരിച്ചത്. ഇതുകേട്ടയുടൻ അമീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ''മറ്റുള്ളവരുടെ സെക്‌സിനെ കുറിച്ച് ചോദിക്കുമ്പോൾ നിങ്ങളുടെ അമ്മയ‌്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്?''. പരിപാടിയുടെ പ്രൊമോയിലാണ് ഇക്കാര്യങ്ങളുള്ളത്.