
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് യുവാവ് യു എ ഇയിൽ നിന്ന് നാട്ടിലെത്തിയത്.
യുവാവുമായി അടുത്ത സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മലപ്പുറത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസാണിത്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ കൊല്ലം സ്വദേശിക്കാണ് രാജ്യത്ത് തന്നെ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. അതിനുശേഷം കണ്ണൂരും, മലപ്പുറത്തും,തൃശൂരും രോഗം സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിയായ രോഗബാധിതൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.