ayman-al-zawahiri

കാബൂൾ : അൽഖ്വയ്ദ തലവൻ അയ്മൻ അൽസവാഹിരിയെ വധിക്കാൻ അമേരിക്ക അയച്ചത് രഹസ്യായുധം. ആൾക്കൂട്ടത്തിൽ നിന്നും ലക്ഷ്യത്തെ മാത്രം തെരഞ്ഞുപിടിച്ച് വധിക്കാൻ കെൽപ്പുള്ള ഹെൽഫയർ മിസൈലുകൾ. ഹെൽഫയർ ആർ 9എക്സാണ് ഈ ശ്രേണിയിൽ അത്യാധുനികമായുള്ളത്. അൽസവാഹിരി കൊല്ലപ്പെട്ട കാബൂളിലെ വീടിന് ആക്രമണ ശേഷം കാര്യമായ കേടുപാടുകൾ സംഭവിക്കാഞ്ഞതാണ് ഹെൽഫയർ മിസൈലുകളാവാം ഉപയോഗിച്ചതെന്ന സാദ്ധ്യതയ്ക്ക് കാരണം. ചിത്രങ്ങളിൽ ഒരു സ്‌ഫോടനത്തിന്റെ ലക്ഷണമൊന്നും കാണാനാവുന്നില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്. ഡ്രോൺ ഉപയോഗിച്ച് രണ്ട് മിസൈലുകൾ തൊടുത്തുവിട്ടാണ് അൽസവാഹിരിയെ അമേരിക്ക വധിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.


രഹസ്യ ആയുധം

അമേരിക്കയുടെ രഹസ്യ ആയുധമായ ഹെൽഫയർ ആർ 9എക്സിനെ കുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ലേസർ ഗൈഡഡ് മിസൈലുകൾ കൃത്യമായ ആക്രമണങ്ങൾക്കാണ് ഉപയോഗിക്കുക. ആന്റിടാങ്ക് ശേഷിയുള്ള സബ്‌സോണിക് മിസൈലുകളുടെ വകഭേദമാണ് ഹെൽഫയർ മിസൈലുകൾ. സൂക്ഷ്മമായി ആക്രമിക്കേണ്ട ലക്ഷ്യങ്ങളിലേക്കാണ് ഇവ പ്രയോഗിക്കുക.

അഫ്ഗാനിലടക്കം നിരവധി ഓപ്പറേഷനുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈൽ ആക്രമണങ്ങളിൽ ഭീകര നേതാക്കളെ കൂടാതെ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുന്നത് അമേരിക്കയ്ക്ക് തലവേദനയായിരുന്നു. സാധാരണക്കാരുടെ മരണം ഏറെ വിമർശനങ്ങൾക്കും വഴിവച്ചു. ഇതേ തുടർന്നാണ് വ്യോമാക്രമണങ്ങൾക്കായി ഈ രഹസ്യ ആയുധം നിർമ്മിക്കാൻ അമേരിക്ക തീരുമാനിച്ചത്.

കെട്ടിടങ്ങളെയോ വാഹനങ്ങളേയോ ആക്രമിക്കുമ്പോൾ അവയുടെ മേൽക്കൂര തകർത്തു കൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുവാൻ ഈ മിസൈലിനാവും. ഇതിനായി സ്‌ഫോടനത്തിന് പകരം കൂർത്ത ബ്‌ളേഡുകളാണ് ഉപയോഗിക്കുന്നത്. 'നിഞ്ച ബോംബ്' എന്നും ഈ മിസൈലുകളെ വിളിക്കുന്നു. ഹെൽഫയർ മിസൈലുകൾക്ക് അതിന്റെ വാർഹെഡ്, ഗൈഡൻസ് സിസ്റ്റം, ഭൗതിക വ്യതിയാനങ്ങൾ എന്നിവയെ ആശ്രയിച്ച് നിരവധി വകഭേദങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ ശത്രുവിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽഫയർ മിസൈലുകളുടെ പുതു തലമുറ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാനും അമേരിക്ക ഈ മാരകായുധം ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് കൊടും ഭീകരനായ അയ്മാൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അൽ ഖ്വയിദയുടെ തലവനായത്.

ആരാണ് സവാഹിരി

ഒസാമ ബിൻ ലാദൻ കഴിഞ്ഞാൽ അൽ അൽ ഖ്വയിദയുടെ മുഖമായിരുന്നു കൊടും ഭീകരനായ അയ്മാൻ അൽ സവാഹിരി. 2001ൽ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ബിൻ ലാദനെ അമേരിക്ക വധിച്ചുവെങ്കിലും സവാഹിരിയുടെ പൊടി പോലും കണ്ടെത്താനായില്ല. അടുത്തിടെ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും മടങ്ങുകയും താലിബാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സവാഹിരി വീണ്ടും പ്രത്യക്ഷനായി തുടങ്ങിയത്. യു എസ് സൈന്യം പൂർണമായും അഫ്ഗാൻ വിട്ടതിന് ശേഷം നടത്തുന്ന വലിയ ആക്രമണമാണ് ഇപ്പോഴത്തേത്.

ബിൻലാദന്റെ ചിത്രങ്ങളിൽ തോളോടു തോൾ ചേർന്ന് നിന്നിരുന്ന സവാഹിരി ജനിച്ചത് ഈജിപ്തിലാണ്. കെയ്‌റോ നഗരപ്രാന്തത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച സവാഹിരി നേത്രരോഗ വിദഗ്ദ്ധൻ കൂടിയായിരുന്നു. എന്നാൽ പിന്നീട് തീവ്ര മതാശയങ്ങളിൽ ആകർഷകനായി സുന്നി ഇസ്ലാമിക നവോത്ഥാനത്തിന്റെ അക്രമാസക്തമായ പാതകളിലൂടെ സഞ്ചാരം തുടങ്ങി. മദ്ധ്യേഷ്യയിലും, ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനങ്ങൾ നടത്തുകയും അവിടെ വച്ച് ഒസാമ ബിൻ ലാദനെയും മറ്റ് അറബ് തീവ്രവാദികളെയും പരിചയപ്പെടുകയുമായിരുന്നു. സോവിയറ്റ് സൈന്യത്തെ അഫ്ഗാനിൽ നിന്നും പുറത്താക്കാനുള്ള അമേരിക്കൻ തന്ത്രങ്ങളുടെ നേതൃത്വം വൈകാതെ ഇവർ ഏറ്റെടുത്തു. ബിൻ ലാദൻ അൽഖ്വയ്ദ സ്ഥാപിച്ചപ്പോൾ മുതൽ സവാഹിരി മുൻനിരയിൽ ഉണ്ടായിരുന്നു.


വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം തീവ്രവാദ ഫണ്ടുകൾ പ്രധാനമായും കൈകാര്യം ചെയ്തത് സവാഹിരിയായിരുന്നു. അഫ്ഗാൻ പാകിസ്ഥാൻ അതിർത്തി മേഖലയിൽ ഒളിവിൽ താമസിച്ച ഇയാൾ അൽഖ്വയ്ദയെ പുനർ നിർമ്മിക്കുന്ന ശ്രമങ്ങൾ തുടർന്നു. ഇറാഖ്, ഏഷ്യ, യെമൻ എന്നിവിടങ്ങളിലെ സംഘടനയുടെ ചുമതലയും വഹിച്ചു. ബാലി, മൊംബാസ, റിയാദ്, ജക്കാർത്ത, ഇസ്താംബുൾ, മാഡ്രിഡ്, ലണ്ടൻ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്തിയ അൽഖ്വയ്ദയുടെ മാസ്റ്റർ പ്ലാൻ സവാഹിരിയുടേതായിരുന്നു.

സി ഐ എയുടെ ഓപ്പറേഷൻ

ഞായറാഴ്ച അതിരാവിലെയാണ് അമേരിക്ക സവാഹിരിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സവാഹിരി കുടുംബത്തോടെ ഒളിവിൽ താമസിക്കുന്ന വീട് കണ്ടെത്തിയ സി ഐ എ, പ്രഭാതത്തിൽ ഭീകരൻ ബാൽക്കണിയിൽ വരാറുണ്ടെന്ന് മനസിലാക്കി. ഞായറാഴ്ചയുടെ സൂര്യോദയത്തിൽ ബാൽക്കണിയിൽ വന്ന ഭീകരനെ എതിരേറ്റക് അമേരിക്കൻ ആളില്ലാ വിമാനത്തിൽ നിന്നും കുതിച്ചു പാഞ്ഞെത്തിയ രണ്ട് ഹെൽഫയർ മിസൈലുകളായിരുന്നു. അതേസമയം വീടിനുള്ളിലുണ്ടായിരുന്ന സവാഹരിയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെടുകയും ചെയ്തു. 21 വർഷമായി അമേരിക്ക തേടുന്ന കൊടുംഭീകരനെയും സി ഐ എ വധിച്ചു പകവീട്ടിയിരിക്കുകയാണ്.