
ഇപ്പോഴത്തെ കാലത്ത് നമ്മൾ ഏറെ കേൾക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക്. ശരീരം തളരുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന ഈ രോഗം ചിലരുടെ ജീവനെടുക്കുകയും ചെയ്യാറുണ്ട്. ക്യാൻസർ, ഹൃദയാഘാതം എന്നിവ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്കാഘാതം എന്നും സ്ട്രോക്ക് അറിയപ്പെടുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ഇതിനുള്ള കാരണം. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതോ രക്തക്കുഴലുകൾ പൊട്ടുന്നതോ ആണ് ഈ പ്രശ്നത്തിലേയ്ക്ക് നയിക്കുന്നത്. മദ്യപാനവും പുകവലിയും കൂടാതെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതും സ്ട്രോക്കിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സ്ട്രോക്ക് വരുന്നതിന് പത്ത് വർഷം മുമ്പ് ശരീരം ചില ലക്ഷണങ്ങൾ കാണിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.
ലക്ഷണങ്ങൾ
ചിരിക്കാൻ പറ്റാത്ത രീതിയിൽ മുഖത്ത് മാറ്റങ്ങൾ സംഭവിക്കുക, തലവേദന, ഓർമക്കുറവ്, തലകറക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ വന്നാൽ ഉടൻ തന്നെ വൈദ്യസഹായം നൽകണം.
ചെയ്യേണ്ടത്
പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക, ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, സ്ട്രെസ് പോലുള്ള പ്രശ്നങ്ങൾ അകറ്റി നിർത്തണം. സ്ട്രെസ് കാരണം രക്തസമ്മർദം കൂടുകയും തലച്ചോറിലേയ്ക്കുള്ള രക്തധമനിയിൽ സമ്മർദം കൂടി പൊട്ടാൻ ഇടയാക്കുന്നു. അതുപോലെ ശരിയായ ഭക്ഷണക്രമം, ഉറക്കം, ശരീരഭാരം നിലനിർത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത കുറയ്ക്കാൻ കഴിയും.