earth-spinning-time-

ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങാൻ 24 മണിക്കൂർ സമയം എടുക്കുമെന്ന് കുഞ്ഞു ക്ലാസ് മുതൽ നാം പഠിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അത്ര സമയം വേണ്ട എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. വേഗം കൂടിയതിനാലാണ് ഭൂമി ഒരു ഭ്രമണത്തിന് 24 മണിക്കൂറിൽ കുറച്ച് സമയം എടുക്കുന്നത്. ഇപ്രകാരം കഴിഞ്ഞ മാസം 29ന് 24 മണിക്കൂറിന് ഏകദേശം 1.59 മില്ലിസെക്കൻഡ് കുറഞ്ഞ സമയത്തിൽ ഭൂമി അതിന്റെ പൂർണ ഭ്രമണം പൂർത്തിയാക്കി. ഇതാദ്യമായിട്ടല്ല ഭൂമി ഇപ്രകാരം വേഗത്തിൽ ഭ്രമണം പൂർത്തീകരിക്കുന്നത്. 2020 ജൂലായ് 19നും ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരുന്നു.

വരും വർഷങ്ങളിലും ഭൂമി അതിന്റെ ഭ്രമണ സമയത്തിൽ കുറവ് വരുത്തും എന്നാണ് കരുതുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഭൂമി ഇപ്രകാരം വേഗത്തിൽ കറങ്ങുന്നതെന്ന് മനസിലാക്കാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ല. ഈ വിഷയത്തിൽ പ്രചരിക്കുന്ന ചില സിദ്ധാന്തങ്ങളുമുണ്ട്. അതിലൊന്ന് ഭൂമിയുടെ ഭാരം നാൾക്കുനാൾ കുറയുന്നു എന്നതാണ്.


ഹിമാനികൾ ഉരുകുന്നത് മൂലം ധ്രുവങ്ങളുടെ ഭാരം കുറയുന്നതാണത്രേ കാരണം. ഇനി അതല്ല ഭൂമിയുടെ ഉൾഭാഗത്തിന്റെ ഉരുകിയ കാമ്പ് കാലക്രമേണ നീങ്ങുന്നതാണ് ഭ്രമണ വേഗം കൂട്ടുന്നതെന്നും വാദിക്കുന്നവരുണ്ട്. ഭൂകമ്പ പ്രവർത്തനമാകാം ഇതിന് കാരണമെന്ന് ഇക്കൂട്ടർ പറയുന്നു. ജിപിഎസ് ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന ആറ്റോമിക് ക്ലോക്കുകളിൽ ഭൂമിയുടെ ഭ്രമണവേഗം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.