
മഴക്കാലം എല്ലാവർക്കും ഇഷ്ടമുള്ള കാലമാണെങ്കിലും ഏറ്റവും കൂടുതൽ അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളും പിടിപ്പെടുന്നത് ഈ കാലത്താണ്. എന്നാൽ ഭൂരിഭാഗം പേരും ഈ കാലങ്ങളിൽ ശ്രദ്ധിക്കാത്ത കാര്യമാണ് ആരോഗ്യം. പ്രധാനമായും മഴക്കാലത്ത് നമ്മൾ ഓരോത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ് വ്യക്തി ശുചിത്വം. അല്ലാത്തപക്ഷം, പലതരത്തിലുള്ള അസുഖങ്ങൾ നമ്മെ ബാധിക്കുന്നതാണ്. ഈ മഴക്കാലത്ത് നമ്മൾ ഓരോത്തരും പ്രധാനമായും പാലിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമണെന്ന് നോക്കാം.
ശുദ്ധമായ വെള്ളം കുടിക്കുക
സാധാരണ മഴക്കാലത്ത് നമ്മളെല്ലാവരും വെളളം കുടിക്കുന്നത് വളരെ കുറവാണ്. എന്നാൽ ആരോഗ്യം നിലനിർത്താൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് മഴക്കാലത്ത് വീടിനകത്തായാലും പുറത്തായാലും ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. പുറത്തുനിന്ന് പാനീയങ്ങൾ വാങ്ങി കുടിക്കുന്നത് പരാമാവധി ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ ശുദ്ധജലം കൈയിൽ കരുതുക.
വിറ്റാമിൻ സി
ബാക്ടീരികളും വൈറസുകളും വളരുന്ന കാലമാണ് മഴക്കാലം. അതിനാൽ പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ വരാൻ സാദ്ധ്യതയേറെയാണ്. അതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം. അതിനായി വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലുള്ളവ ധാരാളം കഴിക്കുക.
സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുക
മഴക്കാലത്ത് റോഡുകൾ വൃത്തികേടാവുകയും വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നത് കാരണം അതിലെ അണുക്കൾ ഭക്ഷണത്തിൽ എത്താൻ സാദ്ധ്യതയേറെയാണ്. അതിനാൽ റോഡരികിൽ വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
കാലുകൾ വൃത്തിയാക്കുക
മഴക്കാലത്ത് ചെളിവെള്ളത്തിലൂടെ നടക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. അതിനാൽ പുറത്ത് പോയി വരുമ്പോൾ കുറച്ച് ഷാംപൂ ഒഴിച്ച ചെറു ചൂടുവെള്ളത്തിൽ കാലുകൾ കുറച്ചു നേരം മുക്കിവയ്ക്കുക. ശേഷം ബ്രഷുകൾ ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുക. നഖങ്ങളിൽ ഉണ്ടാകുന്ന പൂപ്പൽ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
കൈകൾ വൃത്തിയാക്കുക
മഴക്കാലത്ത് അണുക്കൾ കൂടുതൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ വീട്ടിലിരിക്കുമ്പോഴും പുറത്തു പോയിട്ടു വരുമ്പോഴും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
നനഞ്ഞ വസ്ത്രങ്ങൾ
അലക്കിയിട്ട വസ്ത്രങ്ങൾ ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്കിൻ അലർജിയും മറ്റ് അണുബാധയും വരുന്നത് തടയാൻ സഹായിക്കും.
മഴക്കാലത്ത് കൊതുകുകൾ പെറ്റു പെരുകുന്നതുകൊണ്ട് കെട്ടിക്കിടക്കുന്ന വെള്ളം നീക്കുക, ആരോഗ്യ പൂർണമായ ശരീരത്തിന് പതിവായി വ്യായാമം ചെയ്യുക, നനഞ്ഞ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുക, ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക. എല്ലാം ദിവസവും കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.