
ഇസ്ലാമാബാദ് : പാകിസ്ഥാൻ വ്യോമസേനയുടെ നിരന്തര ആവശ്യം പരിഗണിച്ച് ചരക്ക് വിമാനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തിക തകർച്ചയിലൂടെ രാജ്യം പോകുന്നതിനാൽ പുത്തൻ വിമാനങ്ങൾ വാങ്ങാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയില്ലെന്ന് മനസിലാക്കിയ സർക്കാർ വിദേശത്ത് നിന്നും സെക്കന്റ് ഹാന്റ് വിമാനങ്ങൾ വാങ്ങുവാനാണ് തീരുമാനം. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നിന്നുമാണ് സി 130 എച്ച് ഹെർക്കുലീസ് വിമാനങ്ങൾ പാകിസ്ഥാൻ വാങ്ങുന്നത്. ഇവയിൽ ചിലതിന് അമ്പത് വർഷം പഴക്കമുണ്ടെന്ന് പ്രതിരോധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ കൈവശം നിലവിൽ അഞ്ച് ഹെർക്കുലീസ് ചരക്ക് വിമാനങ്ങളുണ്ട്. എന്നാൽ സൈന്യത്തിന്റെ വർദ്ധിച്ച ആവശ്യം പരിഗണിച്ചാണ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമായത്. അടുത്തിടെ ബെൽജിയത്തിലെത്തി പാക് പൈലറ്റുമാർ വാങ്ങാനുദ്ദേശിക്കുന്ന വിമാനങ്ങളിൽ രണ്ട് മണിക്കൂറോളം പരീക്ഷണ പറക്കൽ നടത്തിയിരുന്നു. 2019ലാണ് ബെൽജിയത്തിൽ നിന്നും വിമാനം വാങ്ങുന്നതിനുള്ള ചർച്ചകൾ പാകിസ്ഥാൻ ആരംഭിച്ചത്. ഇവ കൂടി എത്തുമ്പോൾ ചെറുതും വലുതുമായി പാകിസ്ഥാന്റെ പക്കൽ 21 ചരക്ക് വിമാനങ്ങളുണ്ടാവും. എന്നാൽ ഇവയിൽ ചില കാലപ്പഴക്കമേറിയതാണ്.