carambola

കാരംബോള എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന ചതുരപ്പുളി(ആനപ്പുളിഞ്ചി) പലർക്കും പ്രിയപ്പെട്ട ഒന്നാണ്. ഉപ്പ് ചേർത്ത് ഉണക്കിയും പഴുത്ത കായ ഉപയോഗിച്ചുണ്ടാക്കുന്ന സർബത്തും ഏവർക്കും ഇഷ്ടമാണ്. കേക്ക് ഉണ്ടാക്കാനും ചതുരപ്പുളി ഉപയോഗിക്കാറുണ്ട്. സ്റ്റാര്‍ഫ്രൂട്ട് എന്ന പേരിലും ഇത് അറിയപ്പെടുന്നു. വേനല്‍ക്കാലത്തിന് ശേഷവും മഴക്കാലത്തിന് തൊട്ടുമുമ്പും ആണ് ചതുരപ്പുളി കൂടുതൽ വിളവ് തരുന്നത്. വീഞ്ഞ് നിര്‍മാണത്തിനും ഉപയോഗിക്കുന്ന ചതുരപ്പുളിയെ പറ്റി കൂടുതൽ അറിയാം.

ഗ്രാഫ്റ്റ് ചെയ്ത് ചതുരപ്പുളിയുടെ തൈകള്‍ ബോണ്‍സായ് രൂപത്തില്‍ പാത്രങ്ങളിലും വളര്‍ത്താവുന്നതാണ്. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ കൂടുതലായി വളരുന്നത്. ഇവയുടെ വിളവെടുപ്പ് സമയം വർഷാവർഷം മാറിക്കൊണ്ടിരിക്കും. അതിനാൽ ചില സ്ഥലങ്ങളിൽ വർഷത്തിൽ ഒന്നിൽകൂടുതൽ തവണ വിളവെടുപ്പ് നടത്താൻ കഴിയാറുണ്ട്. മഞ്ഞ കലര്‍ന്ന പച്ചനിറമാകുമ്പോഴും പൂര്‍ണമായും മഞ്ഞയാകുമ്പോഴുമാണ് ചതുരപ്പുളി വിളവെടുപ്പിന് പാകമാകുന്നത്. പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ പാക്ക് ചെയ്ത് സൂക്ഷിച്ചാല്‍ നാല് ആഴ്ചയോളം ഇവ കേടാകാതിരിക്കും. കറികളിൽ പുളിക്ക് പകരമായും ഇവ ഉപയോഗിക്കാറുണ്ട്. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും ചതുരപ്പുളി ഒട്ടും പുറകിലല്ല. ഇവ കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ ചതുരപ്പുളി സഹായിക്കുന്നു.

2. ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.

3. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ മാറ്റി ശ്വസനം മെച്ചപ്പെടുത്തുന്നു.

4. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാൻ ചതുരപ്പുളി കഴിക്കുന്നതിലൂടെ കഴിയും.

5. അണുബാധയുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്ത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കഴിയുന്നു.

കൃഷി ചെയ്യുന്ന വിധം

വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി വളര്‍ത്താറുണ്ട് എന്നാൽ ഗ്രാഫ്റ്റിംഗ് നടത്തിയാല്‍ കൂടുതല്‍ നന്നായി വളരുന്ന ചെടികളുണ്ടാകും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈകള്‍ നടണം. പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ വര്‍ഷത്തില്‍ 50 കിലോഗ്രാം ജൈവവളം ചേര്‍ക്കാറുണ്ട്. ചതുരപ്പുളിയില്‍ കായുണ്ടാകാന്‍ മൂന്നോ നാലോ വര്‍ഷമെടുക്കും. ഇതിന്റെ മഞ്ഞനിറത്തിലുള്ള വിത്ത് ഉപയോഗിച്ച് ചില രാജ്യങ്ങളില്‍ ഹെല്‍ത്ത് ഡ്രിങ്ക് ഉണ്ടാക്കുന്നുണ്ട്. വയറിലെ പ്രശ്‌നങ്ങള്‍, അതിസാരം എന്നിവ പരിഹരിക്കാന്നും ചതുരപ്പുളിക്ക് കഴിവുണ്ട്.