ദിവസവും ഉച്ചയ്ക്ക് ചോറും കറികളുമാണെങ്കിൽ മിക്കവാറും പേർക്കും മടുപ്പ് തോന്നും. ദിവസേന ഒരേ ഭക്ഷണം കഴിക്കുമ്പോഴുണ്ടാവുന്ന മടുപ്പ് ഒഴിവാക്കാൻ ഇടയ്ക്കൊക്ക പരീക്ഷിക്കാവുന്ന ഒരു ഉഗ്രൻ വിഭവവുമായാണ് സിനിമാ- സീരിയൽ താരം അഞ്ജലി ശരത്ത് എത്തുന്നത്. രുചിയേറിയ ടൊമാറ്റോ ചിക്കൻ റൈസ് ആണ് ഇത്തവണ സാൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്.
ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ
വയണയില
പച്ചമുളക്- നാലെണ്ണം വട്ടത്തിൽ അരിഞ്ഞത്
സവാള ചെറുതായി അരിഞ്ഞത്
തക്കാളി- മൂന്നെണ്ണം അരച്ചെടുത്തത്
ഉപ്പ്
കുരുമുളക് പൊടിച്ചത്
മഞ്ഞൾപ്പൊടി
പഞ്ചസാര
നാരങ്ങ
ചിക്കൻ- ഒരു കിലോ
ബസ്‌മതി അരി- ഒരു കിലോ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം രണ്ട് വയണയില മുറിച്ച് അതിലേക്ക് ഇടുക. ഇതിലേക്ക് പച്ചമുളക് ഇട്ട് വഴറ്റിയെടുക്കണം. മുളക് വഴണ്ടുവരുമ്പോൾ ആവശ്യത്തിന് ഉപ്പും സവാളയും ചേർത്ത് വഴറ്റണം. സവാള നന്നായി വഴണ്ടുവരുമ്പോൾ തക്കാളി അരച്ചെടുത്തത് ഒഴിച്ചുചേർക്കണം. തക്കാളി മിശ്രിതം നന്നായി യോജിച്ചുകഴിയുമ്പോൾ അതിൽ അര സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കണം. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്തു കൊടുക്കാം. പിന്നാലെ ചിക്കൻ ചേർത്ത് വേവിച്ചെടുക്കണം. ഇതിലേക്ക് കുതിർത്ത് വച്ചിരിക്കുന്ന അരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാം. തണുക്കുമ്പോൾ പ്ളേറ്റിലേക്ക് മാറ്റി വിളമ്പാം.
