
ബാസെറ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിൽ അഞ്ചുവിക്കറ്റിന് തോറ്റിരുന്ന ഇന്ത്യ ഇന്നലെ മൂന്നാം മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ച് അഞ്ചുമത്സരപരമ്പരയിൽ 2-1ന് മുന്നിലെത്തി.
ഇന്നലെ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 164/5 എന്ന സ്കോറാണ് ആതിഥേയർ ഉയർത്തിയത്. 50 പന്തുകളിൽ എട്ടുഫോറും നാലു സിക്സുമടക്കം 73 റൺസടിച്ച കൈൽ മേയേഴ്സാണ് വിൻഡീസിന്റെ ടോപ് സ്കോററായത്.മറുപടിക്കിറങ്ങിയ ഇന്ത്യയുടെ രോഹിത് ശർമ്മ 11 റൺസെടുത്ത് റിട്ടയേഡ് ഹർട്ടായെങ്കിലും സൂര്യകുമാർ യാദവും(76)ശ്രേയസ് അയ്യരും (24) ,റിഷഭ് പന്തും (33*)ചേർന്ന് 19 ഒാവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
വിൻഡീസിന് ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ പരിചയ സമ്പന്നനായ ഭുവനേശ്വർ കുമാറിന് പകരം യുവതാരം ആവേശ് ഖാനെ പന്തേൽപ്പിച്ച രോഹിതിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. ആദ്യ പന്ത് നോബോളാക്കിയ ആവേശ് ഫ്രീഹിറ്റിൽ സിക്സും അടുത്ത പന്തിൽ ഫോറും വിട്ടുകൊടുത്തതോടെ ഇന്ത്യയുടെ കൈയിൽ നിന്ന് വിജയം വഴുതിപ്പോവുകയായിരുന്നു. 19 പന്തിൽ 31 റൺസടിച്ച ഡെവോൺ തോമസും 52 പന്തിൽ 68 റൺസ് നേടിയ ബ്രാൻഡൻ കിംഗുമാണ് വിൻഡീസ് ബാറ്റിംഗ് നിരയിൽ മികച്ച് നിന്നത്.
ടോസ് നേടിയ വിൻഡീസ് ക്യാപ്ടൻ നിക്കോളാസ് പുരാൻ ഇന്ത്യയെ ബാറ്റിംഗിനയച്ചു. നാലോവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ കൊയ്ത് ഒബേദ് മെക്കോയ് ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്ടൻ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് തുടർച്ചയായി വിക്കറ്റുകൾ കൊഴിഞ്ഞുവീണു. ഹാർദിക് പാണ്ഡ്യ( 31), രവീന്ദ്ര ജഡേജ (27)എന്നിവരാണ് 100 കടത്തിയത്. മലയാളി താരം സഞ്ജു സാംസണിന് രണ്ടാം മത്സരത്തിലും പ്ളേയിംഗ് ഇലവനിൽ ഇടംനൽകിയില്ല.