
ശരീരം മടിപിടിച്ചിരിക്കുന്ന കാലമാണ് കർക്കിടകം. ചുരുണ്ടുകൂടി കിടന്നുറങ്ങാനാണ് ഏറെ പേർക്കും താത്‌പര്യം. ഈ സമയത്തെ മടിയും ഉത്സാഹക്കുറവും ശരീരത്തിന്റെ മാത്രമല്ല, മനസിന്റെയും ഉന്മേഷം കെടുത്തും. അതിനാൽ കർക്കിടകത്തിൽ വ്യായാമം മുടക്കരുത്. വ്യായാമക്കുറവ് ദഹനപ്രശ്നങ്ങൾ സൃഷ്‌ടിക്കും. രക്തചംക്രമണം കുറയുന്നത് വാതസംബന്ധമായ രോഗങ്ങളുണ്ടാക്കുന്നു. നല്ല ആഹാരക്രമീകരണത്തിനൊപ്പം വ്യായാമവും ചേർന്നാലെ കർക്കിടകത്തിൽ ആരോഗ്യത്തോടെ ഇരിക്കാനാവൂ.
ഓരോരുത്തരുടേയും ശാരീരികക്ഷമത അനുസരിച്ചുള്ള വ്യായാമം ചെയ്യുക. മഴക്കാലമായതിനാൽ നടക്കാൻ സാധിക്കാത്തതിനാൽ വീടിനുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ പിന്തുടരുക. ശുദ്ധവായു ലഭിക്കത്തക്ക വിധത്തിൽ വീട്ടിൽ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുത്ത് യോഗ ചെയ്യാം. ശരീരത്തിന് മാത്രമല്ല, മനസിന്റെയും ആലസ്യംഅകറ്റി ഉന്മേഷത്തോടെയും ശാന്തമായും ഇരിക്കാൻ യോഗ സഹായിക്കും. അതിനാൽ മഴക്കാലത്ത് യോഗ മുടക്കാതിരിക്കുക.