
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ആദ്യ ലോൺ ബാൾ സ്വർണ നേട്ടവുമായി ഇന്ത്യൻ വനിതകൾ. ലോൺ ബാൾ ഫോർസിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ തറപ്പറ്റിച്ചത്. രൂപ റാണി ടിർക്കി, ലൗവ്‌ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരുടെ സംഘമാണ് ഇന്ത്യക്ക് വേണ്ടി ചരിത്രനേട്ടം സ്വന്തമാക്കിയത്.
#CWG2022India
— Anand Bharti (@AnandBh16781587) August 2, 2022
Gold 🏅 for India in lawn ball 4s.Indeed a proud moment for India.Congrats team India for waiving our flag highest 🇮🇳🇮🇳🇮🇳.Jai hind!!! pic.twitter.com/5aqbMa9Z8E
ഇക്കൊല്ലത്തെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ നാലാമത്തെ സ്വർണ നേട്ടമാണ് ലോൺ ബാളിലൂടെ സ്വന്തമാക്കിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്. ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയെങ്കിലും നോർത്തേൺ അയർലൻഡിനോട് 8-26 എന്ന സ്‌കോറിൽ പരാജയപ്പെട്ട് പുറത്തായിരുന്നു.
ഇന്നലെ വനിതകളുടെ ജൂഡോയിൽ 48 കിലോഗ്രാം വിഭാഗത്തിൽ സുശീലാ ദേവി നേടിയ വെള്ളിയായിരുന്നു ഇന്നലെ ഇന്ത്യൻ പ്രകടനങ്ങളിലെ ഹൈലൈറ്റ്. സെമിയിൽ മൗറീഷ്യസിന്റെ പ്രിസില്ലെയെ 10-0ത്തിന് ആധികാരികമായി കീഴടക്കിയ സുശീലയ്ക്ക് എന്നാൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല മെറ്റബൂയിക്ക് മുന്നിൽ കാലിടറുകയായിരുന്നു. 2014ലെ കോമൺവെൽത്ത് ഗെയിംസിലും സുശീല വെള്ളി നേടിയിരുന്നു.2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.