
സുസുക്കിയുടെ ജിംനിക്കായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ വിദേശനിരത്തുകളിൽ ജിംനി എത്തുകയും ചെയ്‌തു. ഇപ്പോഴിതാ ജിംനിയുടെ പുത്തൻ പതിപ്പായ ജിംനി സിയേറ 4-സ്പോർട്ടും വിദേശത്ത് വില്പനയ്ക്കെത്തിച്ചിരിക്കുകയാണ് സുസുക്കി.
ലാറ്റിൻ അമേരിക്കൻ നിരത്തുകളെ ത്രസിപ്പിക്കുകയാണ് പുതിയപതിപ്പിന്റെ ആദ്യദൗത്യം. ഓഫ്-റോഡിന് അനുയോജ്യമായ കൂടുതൽ ഫീച്ചറുകളുള്ള ജിംനി സിയേറ 4-സ്പോർട്ടിൽ നിലവിലെ ജിംനിയുടെ അതേ എൻജിനാണ് ഇടംപിടിച്ചിട്ടുള്ളത്. പുത്തൻ പതിപ്പിന്റെ വെറും 100 യൂണിറ്റുകൾ വിറ്റഴിക്കാനുള്ള ഉദ്ദേശ്യമേ സുസുക്കിക്കുള്ളൂ. അതിനാൽ തന്നെ പുത്തൻ ജിംനിയും ഇന്ത്യയിലെത്താൻ സാദ്ധ്യത വിരളം. ഓഫ്-റോഡുകൾക്കിണങ്ങിയ കരുത്തുറ്റ ടയറുകളും 600 എം.എം വരെ വെള്ളത്തിലൂടെ അനായാസം മുന്നോട്ട് കുതിക്കാവുന്ന സംവിധാനവും മികവാണ്.
വശങ്ങളിലെ മാറ്റ് ബ്ളാക്ക് സ്ളൈഡർ വാഹനത്തിന് ഓഫ്-റോഡ് സാഹചര്യങ്ങളിൽ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. മുകളിലെ ബ്ളാക്ക് റൂഫിൽ നാല് ടോ-ഹുക്ക്‌സ് കാണാം. രണ്ടെണ്ണം മുൻഭാഗത്തും രണ്ടെണ്ണം വശങ്ങളിലും. 15 ഇഞ്ച് അലോയ് വീലുകളോട് കൂടിയ, പിറെല്ലി എം.ടി.ആർ ഓഫ്-റോഡ് ടയറുകളാണ് ഈ ലിമിറ്റഡ് എഡിഷൻ എസ്.യു.വിക്കുള്ളത്.
ഡോറുകളിൽ 4-സ്പോർട്ട് ബാഡ്‌ജിംഗുണ്ട്. ബ്ളൂ ഹൈലൈറ്റുകളോട് കൂടിയതാണ് അകത്തളത്തിൽ എ.സി വെന്റുകളും ഗിയർ ഷിഫ്‌റ്ററും. നീല സ്‌റ്റിച്ചിംഗോട് കൂടിയതാണ് പുത്തൻ സീറ്റുകൾ. ഡാഷ് ബോർഡിൽ കോ-ഡ്രൈവറുടെ ഭാഗത്തും 4-സ്‌പോർട്ട് എംബ്ളം കാണാം.
ജിംനി 4-സ്പോർട്ട് ഇന്ത്യയിൽ എത്തുമോയെന്ന കാര്യത്തിൽ സുസുക്കി മനസുതുറന്നിട്ടില്ല. നിലവിലെ ജിംനി ഇന്ത്യയിൽ എത്തിക്കുന്നത് തന്നെ വൈകുകയാണ്. 2023ലെ ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയ്ക്കായുള്ള പ്രത്യേക, 5-ഡോർ ജിംനി സുസുക്കി പരിചയപ്പെടുത്തിയേക്കും. ഇന്ത്യയുടെ ജിംനിക്ക് മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയോട് കൂടിയ 1.5 ലിറ്റർ കെ15 സി എൻജിനാണ് പ്രതീക്ഷിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്‌മിഷനും പ്രതീക്ഷിക്കുന്നു.