ss

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം മത്സരദിനമായ ഇന്നലെ രണ്ട് സ്വർണമെഡലുകളും ഒരു വെള്ളി​യും നേടി ഇന്ത്യ. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ലോൺ ബാളിൽ സ്വർണം നേടിയ ഇന്ത്യ തൊട്ടുപി​ന്നാലെ ടേബി​ൾ ടെന്നീസ് ടീമി​നത്തി​ലും സ്വർണം നേടുകയായി​രുന്നു.പുരുഷ വി​ഭാഗം 96 കി​ലോഗ്രാം വെയ്റ്റ് ലി​ഫ്റ്റിംഗി​ൽ വി​കാസ് താക്കൂറാണ് വെള്ളി​ നേടി​യത്. ലോൺ​ബാൾസ് വിമെൻസ് ഫോർ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 17-10ന് തോൽപ്പിച്ചാണ് ലവ്‌ലി ചൗബേ,പിങ്കി,നയൻമോനി സൈകിയ,രൂപ റാണി എന്നിവരടങ്ങിയ ഇന്ത്യൻ ടീം സ്വർണം നേടിയത്. ടേബി​ൾ ടെന്നി​സ് മെൻസ് ടീം ഫൈനലി​ൽ സിംഗപ്പുരി​നെ 3-1നാണ് ഇന്ത്യ ഫൈനലിൽ തോൽപ്പിച്ചത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സ്വർണമെഡലുകളുടെ എണ്ണം ആറും ആകെ മെഡലുകൾ പന്ത്രണ്ടു ഉയർന്നു. ഇന്നലെ ആരംഭിച്ച അത്‌‌ലറ്റിക്സിലെ പുരുഷ ലോംഗ്ജമ്പിൽ മലയാളി താരങ്ങളായ ശ്രീശങ്കർ മുരളിയും മുഹമ്മദ് അനീസും ഫൈനലിലേക്ക് യോഗ്യത നേടി. ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും ഫൈനൽ ബർത്ത് സ്വന്തമാക്കി. 200 മീറ്റർ ബാക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് മികച്ച സമയം കുറിച്ചെങ്കിലും ഫൈനലിലെത്തിയില്ല.