
ശ്രീനഗർ: ഫുട്ബാൾ ടൂർണമെന്റുകൾ നടത്തുന്നതിന് വേണ്ടി ജമ്മു കാശ്മീർ സ്പോർട്സ് കൗൺസിൽ നൽകിയ തുക ഫുട്ബാൾ അസോസിയേഷൻ ബിരിയാണി വാങ്ങിച്ച് തീർത്തതായി കണ്ടെത്തൽ. ജമ്മു കാശ്മീരിലെ വിവിധ ഫുട്ബാൾ ടൂർണമെന്റുകളിൽ പങ്കെടുത്ത ടീമുകൾക്ക് ബിരിയാണി വാങ്ങി കൊടുത്തുവെന്നാണ് സംസ്ഥാന ഫുട്ബാൾ അസോസിയേഷൻ അധികൃതരുടെ വാദം. എന്നാൽ രസകരമായ കാര്യം അതല്ല, കാശ്മീരിലെ ഒരു ഫുട്ബാൾ ക്ളബിലെ കളിക്കാരനും ഇത്തരത്തിൽ ബിരിയാണി കിട്ടിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ഫുട്ബാൾ വികസനത്തിന് സർക്കാർ നൽകിയ തുക അസോസിയേഷനിലെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് തെളിഞ്ഞതായി കാശ്മീരിലെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മു കാശ്മീർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സമീർ താക്കൂർ, ട്രഷറർ സുരിന്ദർ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾ കൃത്രിമ ബില്ലുകൾ വഴി പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയൽ ഗോൾഡ് കപ്പ് എന്നീ ടൂർണമെന്റുകൾ സംഘടിപ്പിക്കാനാണ് സർക്കാർ ഫുട്ബോൾ അസോസിയേഷന് തുക അനുവദിച്ചത്.
43,06,500 രൂപയുടെ ബില്ലാണ് ബിരിയാണി വാങ്ങിയ കണക്കിൽ ആഡിറ്റർമാർക്ക് ഫുട്ബാൾ അസോസിയേഷൻ അധികൃതർ സമർപ്പിച്ചത്. ശ്രീനഗറിലെ മുഗൾ ദർബാർ, പോളോ വ്യൂ എന്നീ ഭക്ഷണശാലകളുടെ പേരിലാണ് ബില്ലുകൾ. ഇതിനു പുറമേ 1,41,300 രൂപ ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിനും അസോസിയേഷൻ നൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്നതിന് വേണ്ടി സമർപ്പിച്ച ബില്ലുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.