
മാനന്തവാടി: വയനാട്ടിൽ 38കാരിയ്‌ക്ക് മങ്കിപോക്‌സ് ബാധയെന്ന് സംശയം. യുവതിയെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് എത്തിയതാണ് യുവതി. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മങ്കിപോക്‌സാണോ എന്ന സംശയം ഉയർന്നതോടെയാണ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ആലപ്പുഴയിലെ ലാബിലേക്ക് യുവതിയുടെ സ്രവങ്ങൾ അയച്ചു. മൂന്ന് ദിവസത്തിനകമാകും പരിശോധനാഫലം ലഭിക്കുക. കേരളത്തിൽ ഇതുവരെ അഞ്ചുപേർക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. തൃശൂരിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് മരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ 35കാരൻ രോഗമുക്തനായി.