kk

വാഷിംഗ്ടൺ: ചൈനയുടെ ഭീഷണി തൃണവത്ഗണിച്ച് യു.എസ് ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസി ഇന്നലെ തായ്‌വാനിലെത്തി. ഇന്ത്യൻ സമയം രാത്രി 8.12ഓടെ (പ്രാദേശിക സമയം 10.42) തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലെ സോംഗ്‌ഷാൻ വിമാനത്താവളത്തിൽ പെലോസിയെയും വഹിച്ചുള്ള യു.എസ് സൈനിക വിമാനം ലാൻഡ് ചെയ്തു.

1997ൽ യു.എസ് ജനപ്രതിനിധി സഭ സ്പീക്കറായ ന്യൂറ്റ് ഗിങ്ങ്റിച്ചിന് ശേഷം താ‌യ്‌വാൻ സന്ദർശിക്കുന്ന ആദ്യ മുതിർന്ന യു.എസ് ഉദ്യോഗസ്ഥയാണ് പെലോസി.

പെലോസിയുടെ നടപടി അങ്ങേയറ്റം അപകടകരമാണെന്ന് ചൈന പ്രതികരിച്ചു.

ദക്ഷിണ ചൈനാ കടലിന് മുകളിലൂടെയുള്ള പാത ഒഴിവാക്കിയായിരുന്നു പെലോസിയുടെ യാത്ര. വിമാനം ഇറങ്ങുന്നത് വരെ യാത്രയുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. അഞ്ച് യു.എസ് കോൺഗ്രസ് പ്രതിനിധികളും പെലോസിക്കൊപ്പമുണ്ട്. തായ്‌പെയിലെ ഗ്രാൻഡ് ഹയാറ്റ് ഹോട്ടലിലാണ് ഇവരുടെ താമസം. ഷിയാമെന്നിന് ചുറ്റുമുള്ള തങ്ങളുടെ കിഴക്കൻ തീര വ്യോമപാത ചൈന ഇന്നലെ അടച്ചിരുന്നു.

ഇന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്‌വെന്നുമായി പെലോസി കൂടിക്കാഴ്ച നടത്തും. ശേഷം തായ്‌വാൻ പാർലമെന്റ്,ഹ്യൂമൻ റൈറ്റ്സ് മ്യൂസിയം തുടങ്ങിയവ സന്ദർശിക്കും.

ഏഷ്യാ പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പെലോസി മലേഷ്യയിലെത്തിയിരുന്നു. ഞായറാഴ്ച യു.എസിൽ നിന്ന് തിരിച്ച പെലോസി സിംഗപ്പൂരും സന്ദർശിച്ചിരുന്നു. ഇനി ദക്ഷിണ കൊറിയയിലേക്കും ജപ്പാനും സന്ദർശിക്കും.

വ്യാപാരം,കൊവിഡ് 19,കാലാവസ്ഥാ വ്യതിയാനം,സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക.

പെലോസി മലേഷ്യയിലെത്തിയതിന് പിന്നാലെ തായ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് സമീപം ചൈനീസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചിരുന്നു.പെലോസിയുടെ വിമാനം ചൈന ആക്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു.

തായ്‌വാന്റെ കിഴക്കൻ കടലിൽ വിമാനവാഹിനി ഉൾപ്പെടെ നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായി യു.എസും സ്ഥിരീകരിച്ചു. വിമാനവാഹിനി കപ്പലായ യു.എസ്.എസ് റൊണാൾഡ് റീഗൻ ദക്ഷിണ ചൈനക്കടൽ വഴി ജപ്പാന്റെ തെക്കും തായ്‌വാന്റെയും ഫിലിപ്പീൻസിന്റെയും തെക്കായി ഫിലിപ്പീൻല് കടലിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ഗൈഡഡ് മിസൈൽ ക്രൂസർ യു.എസ്.എസ് ആന്റീറ്റം,ഡിസ്ട്രോയർ യു.എസ്.എസ് ഹിഗ്ഗിംഗ്സ്,യു.എസ്.എസ് ട്രിപ്പോളി എന്നിവയും റൊണാൾഡ് റീഗനൊപ്പമുണ്ട്. പതിവ് വിന്യാസമെന്നാണ് ഇവയെ അണിനിരത്തിയതിനോട് യു.എസ് നേവി പ്രതികരിച്ചത്.

സന്ദർശനം തായ‌്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബന്ധതയെ മാനിക്കുന്നതാണ്. യു.എസിലെ 1979ലെ തായ്‌‌വാൻ റിലേഷൻ ആക്ടിന് വിരുദ്ധമല്ല.

- പെലോസി ട്വിറ്ററിൽ

 ലോകം ഉറ്റുനോക്കിയ വിമാനം

ഇന്നലെ വൈകിട്ട് മലേഷ്യയിലെ സുൽത്താൻ അബ്‌ദുൾ അസീസ് ഷാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ബോയിംഗ് സി - 40 എസ്.പി.എ.ആർ 19 വിമാനത്തിന്റെ ഡെസ്‌റ്റിനേഷൻ ഫ്ലൈറ്റ് - ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ ലഭ്യമായിരുന്നില്ല. താ‌യ്‌വാന്റെ വ്യോമപരിധി കടന്നതോടെയാണ് വിവരങ്ങൾ ലഭ്യമായത്. ഫ്ലൈറ്റ് റഡാർ 24 എന്ന ട്രാക്കിംഗ് വെബ്‌സൈറ്റിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് വിമാനത്തിന്റെ സഞ്ചാരപാത നിരീക്ഷിച്ചത്. തിരക്ക് കൂടിയതോടെ നിരവധി തവണ വെബ്സൈറ്റ് തകരാറിലായി. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനം ഇതാണ്.