
ബർമിംഗ്ഹാം: ഇതുവരെ ആരോരുമറിയാതിരുന്ന ഗ്രാമീണ ഇന്ത്യൻ വനിതകളായ ലവ്‌ലി ചൗബേയും പിങ്കിയും രൂപ റാണിയും നയൻമണി സൈകിയയും ഇനി ചരിത്ര നായികമാരാണ്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ലോൺ ബാൾ എന്ന കായിക ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നവർ.
തീർത്തും അപ്രതീക്ഷിതമായ കുതിപ്പിലാണ് ഈ നാൽവർ സംഘം സ്വർണനേട്ടത്തിലെത്തിയത്. സെമിയിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ സംഘം അവിടെയും അത്ഭുതവിജയം ആവർത്തിക്കുകയായിരുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ 8-2ന്റെ ലീഡ് നേടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. എന്നാൽ പിന്നാലെ തുടർച്ചയായി പോയിന്റുകൾ നേടി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോൾ കളി 8-8ന് തുല്യതയിലായി.എന്നാൽ 10-8ന് ലീഡ് ചെയ്ത ദക്ഷിണാഫ്രിക്കയെ 18 റൗണ്ട് നീണ്ട മത്സരത്തിൽ 17-10ന് തോൽപ്പിക്കുകയായിരുന്നു ഇന്ത്യ.
സാമാന്യമായി പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഗോലി കളി പോലെയാണ് ലോൺബാൾ. നാല് പേരടങ്ങിയതാണ് ലോൺ ബാൾസ് ടീമിനത്തിലെ മത്സരം. മൈതാനത്ത് പന്ത് ഉരുട്ടി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് കളി രീതി. ജാക്ക് എന്നറിയപ്പെടുന്ന ലക്ഷ്യസ്ഥാനത്ത് ചെറിയ പന്തുകൾ എത്തിക്കുന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. ലക്ഷ്യസ്ഥാനത്തിന് ഏറ്റവും അടുത്ത് പന്തെത്തിക്കുന്ന ടീമിന് കൂടുതൽ പോയിന്റ് ലഭിക്കും. ഒന്നര കിലോയാണ് ഓരോ പന്തിന്‍റെ ഭാരം. ഒരു ഭാഗത്ത് ഭാരം കൂടുതലായതിനാൽ പന്തിന് വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനാവുമെന്നതിനാൽ ബയസ് ബോള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.
ഓരോ എൻഡിൽ നിന്ന് ലക്ഷ്യത്തിലേക്ക് ഓരോ ടീമിനും എട്ട് ത്രോ വീതമാകും ഉണ്ടാകുക. പതിനെട്ട് എൻഡിൽ നിന്നാണ് ത്രോകൾ ഉണ്ടാവുക. ഔട്ട് ഡോർ മത്സരമായ ലോൺ ബാൾസ് പ്രകൃതിദത്ത പുൽത്തകിടിയിലോ കൃത്രിമ ടർഫിലോ നടത്താറുണ്ട്. 18 റൗണ്ടുകളാണ് നാലുപേരുടെ മത്സരത്തിലുള്ളത്. ഓരോ റൗണ്ടിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയിക്കും.
1930 മുതലാണ് ലോൺ ബാൾസ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. 51 മെഡലുകളുള്ള ഇംഗ്‌ളണ്ടും 50 മെഡലുകളുള്ള ഓസ്ട്രേലിയയുമാണ് കോമൺവെൽത്ത് ഗെയിംസിന്റെ ലോൺ ബാൾ ഇനത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ളത്. 44 മെഡലുകളുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്.