nancy-pelosi

തായ്‌പേയ്: യു എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തിയതിന് പിന്നാലെ ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു. യു എസ് ജനപ്രതിനിധി സഭ സ്പീക്കറുടെ തായ്‌വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലെ സോംഗ്‌ഷാൻ വിമാനത്താവളത്തിൽ ഇന്ത്യൻ സമയം രാത്രി 8.12ഓടെയാണ് ( പ്രാദേശിക സമയം 10.42) പെലോസിയും സംഘവും വിമാനമിറങ്ങിയത്. തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു ആണ് പെലോസിയെ സ്വീകരിച്ചത്.

പെലോസി ഇന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്‌വെന്നുമായി കൂടിക്കാഴ്ച നടത്തും. ശേഷം തായ്‌വാൻ പാർലമെന്റ്, ഹ്യൂമൻ റൈറ്റ്സ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കും. അതേസമയം, തായ്‌വാന്‍ അതിർത്തിയിൽ ചൈന സൈനികവിന്യാസം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

സന്ദർശനം തായ‌്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബന്ധതയെ മാനിക്കുന്നതാണെന്നും യുഎസിലെ 1979ലെ തായ്‌‌വാൻ റിലേഷൻ ആക്ടിന് വിരുദ്ധമല്ലെന്നും പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം ട്വീറ്റ് ചെയ്‌തു.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് നാൻസി പെലോസി. തന്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.