rain

തിരുവനന്തപുരം: ഇത്തിക്കരയാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളിമൺ ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ നാട്ടുകാരാണ് പള്ളിമൺ ചിപ്പിന് താഴെ നൗഫലിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം പതിമൂന്നായി. കണ്ണൂരിലെ നെടുംപുറംചാലിൽ ഉരുൾപൊട്ടി രണ്ടരവയസുകാരിയുടേത് ഉൾപ്പെടെ അഞ്ചുപേരുടെ ജീവനാണ് ഇന്നലെ പേമാരി കവർന്നത്.


അതേസമയം, കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. തിരുവനന്തപുരം പരുത്തിപ്പാറയിൽ വീടിന് മുകളിൽ മതിൽ വീണു. മാത്യു എന്നയാളുടെ വീടിന് മുകളിലാണ് സമീപവാസിയുടെ മതിൽ വീണത്. ആർക്കും പരിക്കില്ല. കോട്ടയത്ത് കുമരകം, ചെങ്ങളം, ഇല്ലിക്കൽ, തിരുവാർപ്പ് ഭാഗങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.

ഗതാഗതം നിരോധിച്ചു

കണ്ണൂർ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ ഗതാഗതം നിരോധിച്ചു. യാത്രക്കാർ കൊട്ടിയൂർ- പാൽചുരം വഴി പോകണമെന്ന് അധികൃതർ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ മേഖലകളിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.