
അമരാവതി: ആന്ധ്രാപ്രദേശിൽ വസ്ത്രനിർമാണ യൂണിറ്റിലുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഗർഭിണികൾ ഉൾപ്പെടെ 87 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ അച്യുതപുരം ജില്ലയിലാണ് സംഭവം. ശ്വാസ തടസവും ഛർദ്ദിയും കാരണം വനിതാ ജീവനക്കാർ ബോധരഹിതരായി വീണുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപകടത്തിന്റെ കാരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സെക്കന്തരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്നോളജിയിലേയ്ക്കാണ് പരിശോധനയ്ക്ക് അയക്കുന്നത്. പരിസരത്ത് പ്രവേശിക്കാൻ അനക്കാപ്പള്ളി പൊലീസ് ആരെയും അനുവദിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് യൂണിറ്റിൽ ജോലി ചെയ്യുന്നത്. അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
ജൂൺ മൂന്നിനും സമാനമായ സംഭവം ജില്ലയിൽ ഉണ്ടായി. അപകടത്തിൽ 200ലധികം സ്ത്രീ തൊഴിലാളികൾ കണ്ണുവേദന, ഛർദ്ദി എന്നിവയെ തുടർന്ന് ബോധരഹിതരായി. അന്ന്, പ്രദേശത്തെ പോറസ് ലബോറട്ടറീസ് യൂണിറ്റിൽ നിന്ന് അമോണിയ വാതകം ചോർന്നതായാണ് അധികൃതർ സംശയിക്കുന്നത്.