
കാസർകോട്: ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 19 കുടുംബങ്ങളെ ചുള്ളി സ്കൂളിലേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന മുന്നറിയിപ്പിൽ നിന്നും പുറകോട്ട് പോയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.