kerala-police

വിഴിഞ്ഞം: ശ്രീലങ്കയിൽ നിന്നുള്ള എൽ.ടി.ടി.ഇ സംഘം കോവളത്തെന്ന ഫോൺ സന്ദേശത്തെ തുടർന്ന് രണ്ട് മണിക്കൂറോളം പൊലീസ് നെട്ടോട്ടമോടി. അന്വേഷണത്തിനൊടുവിൽ ഗുജറാത്തിൽ സ്ഥിര താമസമാക്കിയ ഇലക്ട്രിക് സ്ഥാപനം നടത്തിവന്ന മലയാളികളായ യുവാവിനെയും സ്ത്രീയെയുമാണ് കോവളം പൊലീസ് കണ്ടെത്തിയത്. യുവാവിന്റെ തമിഴ് പോലെ തോന്നിക്കുന്ന സംസാരവും ഇതര സംസ്ഥാനത്തു നിന്നെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ കേരളത്തിലെ അഡ്രസ് വേണമെന്ന ആവശ്യവുമാണ് സംശയത്തിനിടയാക്കിയത്.

കഴിഞ്ഞ മാസം 20 മുതൽ കോവളത്ത് താമസിക്കുന്ന ഇവർ പൂവാറിലെ ഉല്ലാസ ബോട്ടുസവാരിക്കാരെ സമീപിച്ച് ബോട്ട് എൻജിൻ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചിരുന്നതായി എസ്.എച്ച്.ഒ ജി. പ്രൈജു പറഞ്ഞു. ബംഗളൂരുവിൽ നിന്ന് അടുത്ത ദിവസമെത്തുന്ന പാഴ്സൽ സ്വീകരിക്കാൻ അഡ്രസ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ബോട്ട് ജീവനക്കാരൻ വിളിച്ചത് എൽ.ടി.ടിക്കാരെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കോവളത്ത് ഹോംസ്റ്റേയിൽ താമസിക്കുന്ന സംഘത്തെ കണ്ടെത്തിയത്. ഇലക്ട്രിക് സ്ഥാപനം നടത്തുന്ന സംഘം രേഖകൾ കാണിച്ചെന്നും അതുമായി ബന്ധപ്പെട്ടാണ് എൻജിൻ കാര്യങ്ങൾ അന്വേഷിച്ചതെന്നും പൊലീസ് വ്യക്തമാക്കി.