rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. പത്ത് ജില്ലകളിലെ റെഡ് അലർട്ട് ഒഴിവാക്കി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമായി ചുരുക്കി. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കാസർകോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. അതേസമയം വ്യാജവാർത്തക‌ൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപ‌ടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴക്കെടുതികളെത്തുടർന്നു സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 4639 പേരെ മാറ്റിപ്പാർപ്പിച്ചു.

തൃശൂരിലാണ് ഏറ്റവും കൂടുതൽപേരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളിൽ 516 പേരെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.