
ജോലി കിട്ടിയിട്ട് ലീവ് എടുക്കാനിരിക്കുന്ന വിഭാഗത്തിലുള്ള മടിയൻമാർക്ക് ഒരു അടിപൊളി ജോലി. വർഷം 61 ലക്ഷം രൂപ ശമ്പളം, ജോലി എന്ന് പറഞ്ഞാൽ എപ്പോഴും മധുരം നുണഞ്ഞുകൊണ്ടിരിക്കണം, കഴിക്കുന്ന മിഠായിയുടെ മേന്മകളും പോരായ്മളും രേഖപ്പെടുത്തണം. കാനഡയിലെ ഒരു ചോക്കളേറ്റ് കമ്പനിയായ കാൻഡി ഫൺഹൗസാണ് കിടിലൻ ഓഫറുമായെത്തിയിരിക്കുന്നത്. ഒരു ലക്ഷം കനേഡിയൻ ഡോളർ വേതനമായി നൽകുന്ന ജോലിക്ക് കുട്ടികൾക്ക് പോലും അപേക്ഷിക്കാനാവും.
നോർത്ത് അമേരിക്കയിൽ താമസിക്കുന്നവരെയാണ് ചീഫ് കാൻഡി ഓഫിസറുടെ ജോലിക്കായി കമ്പനി തേടുന്നത്. ഇവർ മാസം തോറും 3500നടുത്ത് മിഠായികൾ രുചിച്ച് ഗുണദോഷങ്ങൾ കമ്പനിയെ അറിയിക്കണം. വർക്ക് ഫ്രം ഹോം നൽകാനും കമ്പനി തയ്യാറാണ്. ഈ ജോലിയിൽ മുൻപരിചയവും നിർബന്ധമില്ല. ഈ മാസം 31നകം ജോലിക്ക് താത്പര്യമുള്ളവർ അപേക്ഷിക്കണമെന്ന് കമ്പനി പരസ്യത്തിൽ ആവശ്യപ്പെടുന്നു. അഞ്ച് വയസിന് മുകളിലുള്ളവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി അവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.