krishna-teja

ആലപ്പുള: വിവാദങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ ഐ എ എസ് ചുമതലയേറ്റു. മുൻപ് ആലപ്പുഴ സബ് കളക്ടറായി കൃഷ്ണ തേജ പ്രവർത്തിച്ചിരുന്നു. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയിരുന്നില്ല.

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി സപ്ളൈകോയുടെ ജനറൽ മാനേജറായാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സപ്ളൈകോയുടെ കൊച്ചി ആസ്ഥാനത്താണ് ശ്രീറാം പ്രവർത്തിക്കേണ്ടത്. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ കേരള മുസ്ലീം ജമാഅത്ത്, എ പി സുന്നി വിഭാഗം എന്നിവർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മാദ്ധ്യമപ്രവർത്തകനായി കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ശ്രീറാം. ഇതിന് പിന്നാലെയാണ് സ‌ർക്കാരിന്റെ പുതിയ തീരുമാനമെന്നാണ് വിവരം.

ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ സമരം ചെയ്യുമെന്ന് യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനും യുഡിഎഫിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.