
നമ്മൾ വീട്ടിൽ പല സാധനങ്ങളും സൂക്ഷിക്കാറുണ്ട്. നിരുപദ്രവമെന്ന് കരുതുന്ന ഇതിൽ പലതും ആ വീട്ടിൽ കഴിയുന്നവരെ ദോഷകരമായ രീതിയിൽ ബാധിക്കുന്നതാണെന്ന് അവർ അറിയുന്നില്ല എന്നതാണ് സത്യം. വീട്ടിനുള്ളിൽ നെഗറ്റീവ് എനർജിയെ നിറയ്ക്കുന്ന വസ്തുക്കൾ ഏതാണെന്ന് മനസിലാക്കി അവയെ പൂർണമായും ഒഴിവാക്കിയാലേ പുരോഗതി ഉണ്ടാകൂ എന്നത് ഉറപ്പാണ്. നെഗറ്റീവ് എനർജി നിറഞ്ഞിരിക്കുന്ന അത്തരം വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം.
പഴയവസ്ത്രങ്ങൾ
എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് പഴകിയ വസ്ത്രങ്ങൾ. വാങ്ങി ഒരു ദിവസം ഉപയോഗിച്ചാലും ആ വസ്ത്രം പഴയതാണ്. അത്തരം വസ്ത്രങ്ങളെക്കുറിച്ചല്ല പറയുന്നത്. കീറി തുന്നിക്കെട്ടിയതും വളരെ പഴയതുമായ വസ്ത്രങ്ങളാണ് ഇവിടത്തെ വില്ലൻ. ഇത്തരം വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് വീട് ദുഷ്ടശക്തികളുടെ കൂടാരമായി മാറാൻ ഇടയാക്കും.
പഴയ പത്രങ്ങൾ
പഴയ വസ്ത്രങ്ങളെപ്പോലെ പ്രശ്നക്കാരാണ് പഴയ പത്രങ്ങളും. യഥാസമയം നീക്കംചെയ്യാതെ പത്രങ്ങൾ ഏറെനാൾ സൂക്ഷിച്ചുവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് വളരെ ഗുരുതരപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പഴയ പത്രങ്ങളിൽ എളുപ്പത്തിൽ പൊടിയും മണ്ണും ശേഖരിക്കപ്പെടുകയും അവയിൽ വളരെ വേഗം പ്രാണികൾ വളരുകയും ചെയ്യും. നെഗറ്റീവ് എനർജി ഉണ്ടാവുന്നതിന് കാരണം ഇതാണ്. ഇങ്ങനെ ഉണ്ടാവുന്ന നെഗറ്റീവ് എനർജി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും കുടുംബാംഗങ്ങളുടെ ഭിന്നതിയിലേക്കുവരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്യും എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഒപ്പം സാമ്പത്തികമായും അല്ലാതെയുമുള്ള ഉന്നമനത്തെയും പ്രതികൂലമായി ബാധിക്കും.

ചെരിപ്പും പഴയതാവണ്ട
പഴയ വസ്ത്രങ്ങളും പത്രക്കടലാസും പോലെ പ്രശ്നമുണ്ടാക്കുന്നവയാണ് പഴയ ചെരിപ്പുകളും. പഴയതും വൃത്തിയില്ലാത്തതുമായ ചെരിപ്പുകൾ ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തീരെ പഴയ ചെരിപ്പും ഷൂസുകളും വീട്ടിൽ സൂക്ഷിക്കുന്നത് ജീവിക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും എന്നതിന്റെ സൂചനയാണത്രേ. ചെരിപ്പുകൾ എപ്പോഴും വൃത്തിയായും വെടിപ്പായും വേണം സൂക്ഷിക്കാൻ. അതുപോലെ ഉമ്മറപ്പടിയുടെ നേരെ ചെരിപ്പുകൾ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി പഴയ ചെരിപ്പുകൾ കളയുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശനിയാഴ്ച ദിവസം മാത്രമേ പഴയ ചെരുപ്പുകൾ വീട്ടിൽ നിന്ന് മറ്റാവൂ. അങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ ദോഷങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ചെടിയിലുമുണ്ട് അല്പം കാര്യം
ഉണങ്ങിയ ചെടികളോ പൊട്ടിയതും തകർന്നതുമായ വസ്തുക്കളോ, പ്രതിമകളോ, കണ്ണാടിയോ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. ഇത്തരം വസ്തുക്കൾ എത്രയുംപെട്ടെന്ന് വീട്ടിൽ നിന്ന് നീക്കംചെയ്യണം. ഇത്തരം വസ്തുക്കൾ വീട്ടിൽ ഉള്ളത് ആരോഗ്യത്തെയാണ് ദോഷകരമായി ബാധിക്കുന്നത്. ഇതിനൊപ്പം പഴയ പൂട്ടുകളും നിലച്ച വാച്ചുകൾ, ക്ളോക്കുകൾ എന്നിവയും നീക്കംചെയ്യേണ്ടതുണ്ട്. പഴയ പൂട്ടുകൾ ലോക്കുചെയ്ത അവസ്ഥയിലാണെങ്കിൽ ഭാഗ്യത്തെയും ഉയർച്ചയെയും അത് എന്നെന്നേക്കുമായി തടയും എന്നും അറിയുക.